വിമാനത്താവളത്തില്‍ വെച്ച് സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാരി; അറസ്റ്റ്, വീഡിയോ

ജയ്പൂര്‍: ജയ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്റെ കരണത്തടിച്ച് സ്‌പൈസ് ജെറ്റ് ജീവനക്കാരി. അസി.സബ് ഇന്‍സ്‌പെക്ടര്‍ ഗിരിരാജ് പ്രസാദിനാണ് അടിയേറ്റത്. സംഭവത്തിനു പിന്നാലെ ഫുഡ് സൂപ്പര്‍വൈസര്‍ അനുരാധ റാണി അറസ്റ്റിലായി. ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു സംഭവം.

പതിവ് പരിശോധനകള്‍ക്ക് വിധേയമാകാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ വനിത ഉദ്യോഗസ്ഥ പറ്റില്ലെന്ന് പറയുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ജവാനെ അടിക്കുകയും ചെയ്‌തെന്ന് സിഐഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാക്കുതര്‍ക്കമുണ്ടാകുന്നതും യുവതി ജവാനെ അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ ശാന്തനായി തന്നെയായിരുന്നു ജവാന്‍ പ്രശ്‌നം കൈകാര്യം ചെയ്തത്. വെഹിക്കിള്‍ ഗേറ്റില്‍ വെച്ചാണ് സംഭവമുണ്ടായത്. യുവതിയെ സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥയാണ് പിടിച്ചുമാറ്റിയത്.

എന്നാല്‍ യുവതിയെ പിന്തുണയ്ച്ച് സ്‌പൈസ് ജെറ്റും എത്തി. ജവാന്‍ മോശമായ ഭാഷയില്‍ സംസാരിച്ചതാണ് യുവതി അടിക്കാന്‍ കാരണമെന്നാണ് സ്‌പൈസ് ജെറ്റ് നല്‍കുന്ന വിശദീകരണം. ഡ്യൂട്ടികഴിഞ്ഞ് വീട്ടില്‍ ചെന്ന് കാണണം എന്നുള്‍പ്പെടെ ജവാന്‍ പറഞ്ഞെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.
മാത്രമല്ല പരിശോധന കൂടാതെ പ്രവേശിക്കാനുള്ള പാസ് ജീവനക്കാരിക്ക് ഉണ്ടായിരുന്നെന്നും സ്‌പൈസ് ജെറ്റ് വ്യക്തമാക്കി. ഞങ്ങള്‍ ഞങ്ങളുടെ ജീവനക്കാരിക്കൊപ്പം ഉറച്ചുനില്‍ക്കുകയും അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും സ്‌പൈസ്‌ജെറ്റ് വക്താവ് കൂട്ടിച്ചേര്‍ത്തു.
യുവതിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide