ഹെയ്തിയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തിന് വെടിയേറ്റു, ജീവനക്കാരന് പരുക്ക്

വാഷിംഗ്ടണ്‍: ഫ്‌ളോറിഡയില്‍ നിന്നുള്ള സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ ജെറ്റ്ലൈനര്‍ വിമാനത്തിന് ഹെയ്തിയിലെ പോര്‍ട്ട്-ഓ-പ്രിന്‍സില്‍ തിങ്കളാഴ്ച ലാന്‍ഡിംഗ് നടത്തുന്നതിനിടെ വെടിയേറ്റു. ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പരുക്ക് സാരമുള്ളതല്ല. വിമാനത്തിലുള്ളവര്‍ സുരക്ഷിതരാണ്.

ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ നിന്ന് പോര്‍ട്ട്-ഓ-പ്രിന്‍സിലേക്കുള്ള 951 വിമാനം വഴിതിരിച്ചുവിട്ട് അയല്‍രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സുരക്ഷിതമായി ഇറക്കിയതായി സ്പിരിറ്റ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ലാന്‍ഡിംഗിനുശേഷം നടത്തിയ പരിശോധനയിന് വെടിയേറ്റ് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഹെയ്തിയിലേക്കുള്ള തങ്ങളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്നും വെടിയേറ്റ വിമാനം സര്‍വീസ് നിര്‍ത്തിയെന്നും സ്പിരിറ്റ് അധികൃതര്‍ അറിയിച്ചു. മിയാമിക്കും ഹെയ്തിയുടെ തലസ്ഥാനത്തിനും ഇടയിലുള്ള ഫ്‌ളൈറ്റ് സര്‍വീസ് വ്യാഴാഴ്ച വരെ നിര്‍ത്തിവയ്ക്കുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

ഹെയ്തിയില്‍ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. രാജ്യത്ത് അരാജകത്വം തുടരുകയാണ്. ഹെയ്തിയുടെ മറ്റ് ഭാഗങ്ങളില്‍, വിവിധ സംഘങ്ങളും പൊലീസും തമ്മില്‍ വെടിവയ്പ്പ് തുടരുകയാണ്. വീടുകള്‍ക്ക് തീയടുകയും കൂടുതല്‍ അക്രമമുണ്ടാകുമെന്ന ഭയം വര്‍ദ്ധിച്ചതിനാല്‍ സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയെ ഒരു ട്രാന്‍സിഷണല്‍ കൗണ്‍സില്‍ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് അശാന്തി ഉടലെടുത്തത്. ഇടക്കാല കൗണ്‍സില്‍ ആറ് മാസം മുമ്പ് ഗാരി കോനിലിനെ നിയമിച്ചെങ്കിലും കുറച്ചുകാലമായി അദ്ദേഹവുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു, ഇത് അദ്ദേഹത്തെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചു.

ഹെയ്തി ഗവണ്‍മെന്റ് ആഭ്യന്തര കലഹങ്ങള്‍ തുടരുന്നതിനാല്‍ വിമാനത്താവളങ്ങളും തുറമുഖങ്ങളും അടച്ചുപൂട്ടിക്കൊണ്ട് മുമ്പും പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ പ്രക്ഷോഭം തുടര്‍ന്നാല്‍ ഹെയ്തി സമ്പൂര്‍ണ ഗുണ്ടാ നിയന്ത്രണത്തിലാകുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

More Stories from this section

family-dental
witywide