വാഷിംഗ്ടണ്‍: ഇരുരാജ്യങ്ങളും തമ്മിലുള്ള സഖ്യം ശക്തിപ്പെടുത്തുന്നതിനായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മൂന്ന് തവണ സംസാരിച്ചെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
വളരെ പ്രധാനപ്പെട്ട സംഭാഷണമാണ് ഇരുവര്‍ക്കുമിടയില്‍ സംഭവിച്ചതെന്നും നെതന്യാഹു വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ദീര്‍ഘകാലമായി വ്യക്തിപരമായ സൗഹൃദം പങ്കിടുന്നുവെന്നും ട്രംപിന്റെ വിജയത്തിനായി നെതന്യാഹു ആഗ്രഹിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
2017 ഡിസംബറില്‍, ട്രംപ് ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു, കൂടാതെ ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നിന്ന് മാറ്റിസ്ഥാപിച്ച ജറുസലേമിലെ പുതിയ യുഎസ് എംബസിയുടെ ഉദ്ഘാടനത്തിന് മകള്‍ ഇവാങ്ക ട്രംപിനെയും അയച്ചു. 1967 ലെ ആറ് ദിവസത്തെ അറബ്-ഇസ്രായേല്‍ യുദ്ധം മുതല്‍ ഇസ്രായേല്‍ അധിനിവേശത്തിന്‍ കീഴിലുള്ള സിറിയന്‍ പ്രദേശമായ ഗോലാന്‍ കുന്നുകളുടെ മേലുള്ള ഇസ്രായേലിന്റെ പരമാധികാരവും ട്രംപിന്റെ ഭരണകൂടം അംഗീകരിച്ചിരുന്നു.