തിരുവനന്തപുരം: ലോകചാമ്പ്യന്മാരായ സാക്ഷാൽ ലയണൽ മെസിയുടെ അർജന്‍റീന കേരളത്തിൽ പന്തുതട്ടാനെത്തുമോ? കേരളത്തിലെ കാൽപ്പന്ത് പ്രേമികൾ കഴിഞ്ഞ കുറച്ചുകാലമായി ചോദിക്കുന്ന ചോദ്യത്തിന് ഇനി ഉത്തരം വൈകില്ല. കേരളത്തിൽ കളിക്കാനായി അർജൻറീന ഫുട്ബോൾ ടീമിനെ ഔദ്യോഗികമായി ക്ഷണിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാൻ സ്പെയിനിലേക്ക് പോകുന്നു. നാളെ പുലർച്ചെയാണ് യാത്ര. മാഡ്രിഡിൽ എത്തുന്ന മന്ത്രി വി അബ്ദുറഹിമാൻ ഇവിടെവച്ച് അർജൻറീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും. ഈ ചർച്ചയിൽ കേരളത്തിൽ അർജന്‍റീന കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.
മന്ത്രിക്കൊപ്പം കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും സ്പെയിനിലേക്ക് പോകുന്നുണ്ട്. അർജന്‍റീന ടീം കഴിഞ്ഞ ലോകകപ്പ് കിരീടം നേടിയപ്പോൾ തന്നെ കേരളത്തിലേക്ക് ടീമിനെ എത്തിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സംഘം സ്പെയിനിലേക്ക് പോകുന്നത്. കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനാണ് ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ ക്ഷണിക്കുക. നേരത്തെ അർജന്‍റീനയുടെ ഈ ആവശ്യം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായികമന്ത്രി പ്രഖ്യാപിച്ചത്.
അർജൻ്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയർന്ന ചെലവായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം നിരസിക്കുന്നതിന് കാരണമായത്. ഈ ചിലവ് കേരളം വഹിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രി അന്ന് പ്രഖ്യാപനം നടത്തിയത്.കേരളത്തിൽ ഏറെ ആരാധകരുള്ള ഫുട്ബോൾ ടീമാണ് അർജന്‍റീന. ലോകകപ്പ് വേളയിൽ കേരളത്തിലുയർന്ന ഫ്ലക്സുകൾ ലോകത്തിന്‍റെയാകെ ശ്രദ്ധ നേടിയിരുന്നു. അന്ന് അർജന്‍റീന നായകൻ ലയണൽ മെസി തന്നെ കേരളത്തിലെ ചിത്രം പങ്കുവച്ച് നന്ദി അറിയിച്ചിരുന്നു.