സത്യം ജനങ്ങളറിയാനാണ് സത്യം തുറന്നുപറഞ്ഞതെന്ന് സംവിധായകൻ രജ്ഞിത്തിന് എതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്ര. ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രഞ്ജിത്തിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ശ്രീലേഖ.
സംവിധായകന്‍ രഞ്ജിത്ത് മാപ്പുപറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന് പ്രതികരിച്ച നടി, തനിക്കാരുടേയും മാപ്പപേക്ഷ ആവശ്യമില്ലെന്നും ഇത്തരം ആളുകളോട് തനിക്കൊരു തരത്തിലുള്ള അനുകമ്പയുമില്ലെന്നും തന്റെ ജീവിതത്തില്‍ രഞ്ജിത്ത് എന്ന വ്യക്തിയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്നും വ്യക്തമാക്കി. ഇത്തരത്തിലുള്ളവരെ ജനങ്ങള്‍ തിരിച്ചറിയേണ്ടതിനാലാണ് താനതു തുറന്നുപറഞ്ഞത്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ മൂവമെന്റിലൂടെ പതിനഞ്ച് കൊല്ലം മുമ്പ് നടന്ന കാര്യം തുറന്നുപറഞ്ഞതിലൂടെ ഒരു ചലനമുണ്ടാക്കായതില്‍ താന്‍ സന്തോഷവതിയാണെന്നും അവര്‍ വ്യക്തമാക്കി. ഇത്തരം വേട്ടക്കാരെ ജനം തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു.
സിനിമാ മേഖലയിലും സമൂഹത്തിലും ഇതുപോലെയുള്ള നിരവധി ആളുകളുണ്ട്. ഇത്തരത്തിലുള്ളവരെ തുറന്നുകാട്ടുന്നതിലൂടെ പലരുടേയും തനിനിറം പുറത്തുകൊണ്ടുവരാനാകും. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം പുരുഷന്‍മാരും ഇത്തരത്തിലുള്ളവരാണ്. പുരുഷന്‍മാര്‍ മാത്രമല്ല ഇതിലൂടെ നേട്ടമുണ്ടാക്കുന്ന സ്ത്രീകളും ഈ മേഖലയിലുണ്ട്. അവസരങ്ങള്‍ക്കായി സ്വയം ഇരയാകുന്ന സ്ത്രീകളുമുണ്ട്. നേട്ടത്തിനായി അധികാരം ഉപയോഗിച്ചുള്ള ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്”, ശ്രീലേഖ മിത്ര പറഞ്ഞു.