അനായാസം ഹൈദരാബാദ്, പഞ്ചാബിനെ തുരത്തി രണ്ടാം സ്ഥാനത്ത്; സഞ്ജുവിന്‍റെ രാജസ്ഥാൻ കുതിച്ചെത്തുമോ?

ഹൈദരാബാദ്: സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ പഞ്ചാബിനെ അനായാസം കീഴടക്കി ഹൈദരാബാദ് പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. പഞ്ചാബിനെ നാല് വിക്കറ്റിനാണ് ഹൈദരാബാദ് തുരത്തിയത്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് ലക്ഷ്യം കേവലം ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. എന്നാൽ ഹൈദരാബാദിന്‍റെ രണ്ടാം സ്ഥാനം രാജസ്ഥാന്‍ – കൊല്‍ക്കത്ത മത്സരഫലം കൂടി ആശ്രയിച്ചിരിക്കും. രാജസ്ഥാന്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ രണ്ടാമതെത്തും.

ആദ്യ പന്തില്‍ തന്നെ ട്രാവിസ് ഹെഡിനെ നഷ്ടമായെങ്കിലും അഭിഷേക് ശര്‍മയും രാഹുല്‍ ത്രിപതിയും തകര്‍ത്തടിച്ച് കളിച്ചതോടെ ഹൈദരാബാദ് വിജയ വഴിയിലേക്ക് നീങ്ങി. 33 റണ്‍സെടുത്ത ത്രിപതിയെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കിയെങ്കിലും ഹൈദരാബാദ് കുലുങ്ങിയില്ല. പിന്നീടിറങ്ങിയ നിതീഷ് റെഡ്ഡിയുമായി ചേര്‍ന്ന് അഭിഷേക് സ്‌കോറുയര്‍ത്തി. സ്‌കോര്‍ 129 ല്‍ നില്‍ക്കേ അഭിഷേക് ശര്‍മയും വീണെങ്കിലും വിജയം ഉറപ്പാക്കിയിരുന്നു. 66 റണ്‍സെടുത്താണ് താരം മടങ്ങിയത്. നിതീഷ് റെഡ്ഡി 37 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ ക്ലാസനാണ് ടീമിനെ വിജയതീരത്തെത്തിച്ചു. 26 പന്തില്‍ നിന്ന് 42 റണ്‍സെടുത്താണ് ക്ലാസൻ മടങ്ങിയത്.14 മത്സരങ്ങളില്‍ നിന്ന് 17-പോയന്റാണ് ഹൈദരാബാദിനുള്ളത്. 13 മത്സരങ്ങളില്‍ നിന്ന് 16 പോയന്റാണ് രാജസ്ഥാനുള്ളത്. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള കൊല്‍ക്കത്ത ഇതിനോടകം ഒന്നാംസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. രണ്ടാംസ്ഥാനത്തെത്തുന്ന ടീം ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും.

More Stories from this section

family-dental
witywide