ലങ്കയെ ചുവപ്പിച്ച അനുര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ 3 ദിന സന്ദർശനം, മോദിയുമായി കൂടിക്കാഴ്ച തിങ്കളാഴ്ച

ഡൽഹി: ശ്രീലങ്കയെ ചുവപ്പിച്ച് ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ 3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ശ്രീലങ്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള അനുരയുടെ ആദ്യ വിദേശ സന്ദർശനം എന്നതിനാൽ തന്നെ ഇന്ത്യൻ സന്ദർശനത്തിന് പ്രസക്തി ഏറെയാണ്. മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ ഇന്ത്യ – ശ്രീലങ്ക നയതന്ത്ര ബന്ധം കൂടുതൽ ഊഷ്മളമാക്കാനുള്ള നിർണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് വ്യക്താകുന്നത്.

വൈകീട്ട് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അനുര ദിസനായകയെ കേന്ദ്രമന്ത്രി എൽ മുരു​ഗൻ സ്വീകരിച്ചു. ഇന്ന് രാത്രി വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ദിസനായകെ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അനുര ദിസനായകെയുടെ നിർണായക ചർച്ച നാളെയാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. മോദിയെ കണ്ട ശേഷം വൈകീട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും ശ്രീലങ്കൻ പ്രസിഡന്‍റ് സന്ദർശിക്കും.

ശ്രീലങ്കൻ വിദേശകാര്യമന്ത്രിയും ധനസഹമന്ത്രിയും ദിസനായകയ്ക്കൊപ്പം ഉണ്ട്. ആഴക്കടലിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കെയാണ് ദിസനായകയുടെ സന്ദർശനം. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള നിർദ്ദേശങ്ങൾ ശ്രീലങ്കൻ പ്രസിഡന്‍റിന്‍റെ ഇന്ത്യ സന്ദർശനത്തിനിടെ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്.

More Stories from this section

family-dental
witywide