ശ്രീലങ്കയിൽ പാർലമെന്റ് പിരിച്ചുവിട്ട് അനുര കുമാര ദിസനായകെ; പൊതുതിരഞ്ഞെടുപ്പ് നവംബർ 14ന്

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ടു. ഇതു സംബന്ധിച്ച പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ അദ്ദേഹം ഒപ്പുവച്ചു. ചൊവ്വാഴ്ച രാത്രി മുതലാണ് പ്രാബല്യം. നവംബർ 14 നാണ് പൊതുതിരഞ്ഞെടുപ്പ്. കാലാവധി അവസാനിക്കാൻ 11 മാസം ശേഷിക്കെയാണ് പാർലമെന്റ് പിരിച്ചുവിട്ടത്. 2020 ഓഗസ്റ്റിലാണ് രാജ്യത്ത് ഒടുവിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്.

പ്രതിപക്ഷ നേതാവായിരുന്ന അനുര കുമാര ദിസനായകെയ്ക്ക് വോട്ട് ചെയ്ത ശ്രീലങ്ക, 2020-ൽ ദക്ഷിണേഷ്യൻ രാജ്യത്തെ ബാധിച്ച ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പതുക്കെ കരകയറുകയാണ്. അന്നത്തെ നടപടിക്കെതിരെ ദശലക്ഷക്കണക്കിന് ശ്രീലങ്കക്കാർ തെരുവിലിറങ്ങിയിരുന്നു. പ്രസിഡൻ്റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ട് പലായനം ചെയ്തതിനു പിന്നാലെ ആയിരക്കണക്കിന് ആളുകൾ കൊളംബോയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് ഇരച്ചുകയറിയിരുന്നു.

തുടർന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ, ഭരണം ഏറ്റെടുത്ത് ലങ്കൻ സമ്പദ്‌വ്യവസ്ഥയിൽ സ്ഥിരതയും സമാധാനവും കൊണ്ടുവന്നു. കഴിഞ്ഞയാഴ്ച, സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ശ്രീലങ്ക ആദ്യമായി തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ ദശലക്ഷക്കണക്കിന് ആളുകളാമ് മാറ്റത്തിനായി വോട്ട് ചെയ്തത്. ദശലക്ഷക്കണക്കിന് ശ്രീലങ്കക്കാർ മാറ്റത്തിനായി വോട്ട് ചെയ്യുകയും ദിസനായകെയെ പുതിയ പ്രസിഡൻ്റായി തിരഞ്ഞെടുക്കുകയും ചെയ്തു.

അഴിമതിക്കെതിരായ ശക്തമായ പ്രചാരകനാണ് ദിസനായകെ. അഴിമതിക്കെതിരെ പോരാടുമെന്നും രാജവംശ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും പണപ്പെരുപ്പം കുറയ്ക്കുമെന്നും വലിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം നൽകിയിരുന്നു.

More Stories from this section

family-dental
witywide