തിരുവനന്തപുരം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അജ്മലിനെതിരെ ശ്രീകുട്ടി. അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നും, ആറു മാസത്തിനിടെ 20 ലക്ഷത്തോളം രൂപ അജ്മല്‍ തന്റെ കയ്യില്‍നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്നും ശ്രീക്കുട്ടി മൊഴി നല്‍കി. മാത്രമല്ല, അജ്മലിന് എട്ടോളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ശ്രീക്കുട്ടിയുടെ മൊഴിയിലുണ്ട്.
കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കാറിനടിയില്‍ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ശ്രീക്കുട്ടി പറഞ്ഞു. രക്ഷപ്പെടാന്‍ വേണ്ടിയാണ് അജ്മല്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ശ്രീകുട്ടി മൊഴി നല്‍കി.
പലപ്പോഴായി തന്റെ കയ്യില്‍നിന്നും വാങ്ങിയ 20 ലക്ഷം രൂപയും സ്വര്‍ണവും പണവും തിരികെ ലഭിക്കാനാണ് അജ്മലിന്റെ ഒപ്പം കൂട്ടുകൂടിയതെന്നും അവര്‍ പറയുന്നു. സുഹൃത്തിന്റെ വീട്ടിലെ ഓണാഘോഷം എന്ന് പറഞ്ഞാണ് തന്നെ വിളിച്ചുകൊണ്ടുപോയതെന്നും ഓണാഘോഷം കഴിഞ്ഞു മടങ്ങുമ്പോള്‍ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും ശ്രീകുട്ടി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും പൊലീസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.