ശ്രീനാഥ് ഭാസിയും പ്രയാഗയും ഓം പ്രകാശിന്റെ മുറിയിലെത്തി, ലഹരിക്കേസിൽ വഴിത്തിരിവ്? സിനിമാ ബന്ധം തെളിയുന്നു; ഓം പ്രകാശിന് ജാമ്യം

കൊച്ചി: മയക്കുമരുന്ന് കച്ചവടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയതായി പൊലീസ്. നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും കഴിഞ്ഞ ദിവസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ എത്തിയിരുന്നതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരെ കൂടാതെ ഇരുപതോളം പേര്‍ മുറിയില്‍ എത്തിയതായും ഇവിടെ വച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും പൊലീസ് പറയുന്നു.

അതേസമയം കേസില്‍ ഒന്നാം പ്രതി ഷിയാസിനും ഓം പ്രകാശിനും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാതാരങ്ങളുടെ പേരും ഉള്ളത്.

കൊച്ചിയില്‍ ഇന്നലെ നടന്ന ഡിജെ പാര്‍ട്ടിയില്‍ വിദേശത്തുനിന്ന് ഉള്‍പ്പടെ ലഹരി വസ്തുക്കള്‍ എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ കുറെനാളായി ഓം പ്രകാശിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഓം പ്രകാശ് മറ്റ് പല കേസുകളിലും പ്രതിയാണ്. ഇന്നലെ പതിനൊന്നുമണിയോടെയാണ് ഓംപ്രകാശിനെ മരട് പൊലീസ് പിടികൂടിയത്.

ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ലഹരി ഉപയോഗിച്ചതിന് കൃത്യമായ തെളിവ് നല്‍കാന്‍ പൊലീസിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കൊക്കെയ്‌ന്റെ അംശങ്ങള്‍ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. വൈദ്യപരിശോധനയില്‍ തെളിയാത്ത സാഹചര്യത്തിലാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്.

More Stories from this section

family-dental
witywide