ഷെയ്ഖ് ഹസീനയെ പുറത്താക്കിയ സെന്റ് മാർട്ടിൻ ദ്വീപിൽ യുഎസ് കണ്ണുവയ്ക്കുന്നത് എന്തിന്?

സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കക്ക് കൈമാറി ബംഗാള്‍ ഉള്‍ക്കടലില്‍ അമേരിക്കന്‍ ആധിപത്യം അംഗീകരിച്ചിരുന്നുവെങ്കിൽ പ്രധാനമന്ത്രി പദവിയില്‍ തനിക്ക് തുടരാന്‍ കഴിഞ്ഞേനെ എന്നായിരുന്നു പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന ഷെയ്ഖ് ഹസീന ആദ്യ പ്രതികരണത്തിൽ വെളിപ്പെടുത്തിയത്. ബംഗ്ലാദേശ് സര്‍ക്കാരിനെ അട്ടിമറിച്ചതില്‍ അമേരിക്കയ്ക്കും പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഷെയ്ഖ് ഹസീന മുന്നോട്ടുവച്ചത്. ഇതോടെ സെന്റ് മാർട്ടിൻ ദ്വീപിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്.

ബംഗാൾ ഉൾക്കടലിൻ്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു ചെറിയ ദ്വീപാണ് സെൻ്റ് മാർട്ടിൻസ് ദ്വീപ്. നാരികേല്‍ ജിന്‍ജിര (നാളികേര ദ്വീപ്), ദാരുചീനി ദ്വീപ് (കറുവാപ്പട്ട ദ്വീപ്) എന്നീ പേരുകളിലും ഈ ദ്വീപ് അറിയപ്പെടുന്നു. ഇന്ത്യയ്ക്കും ബംഗ്ലദേശിനും മ്യാന്‍മറിനുമിടയിലാണ് ദ്വീപിന്റെ സ്ഥാനം. വെറും 3 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഈ ദ്വീപിന്റെ വിസ്തീർണം. ബംഗ്ലദേശിലെ കോക്‌സ് ബസാര്‍-ടെക്‌നാഫ് മുനമ്പില്‍നിന്നും 9 കിലോമീറ്ററും മ്യാന്‍മറിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുനിന്ന് 8 കിലോമീറ്ററും മാത്രം അകലെ. ബംഗ്ലദേശിന്റെ ഏക പവിഴപ്പുറ്റ് ദ്വീപാണിത്. 68 ഇനം പവിഴപ്പുറ്റുകളും 151 ഇനം ആല്‍ഗകളും 234 ഇനം കടല്‍മത്സ്യങ്ങളും ഉള്‍പ്പെടെ ജൈവവൈവിധ്യത്തിന്റെ കലവറ. ടൂറിസം വികസിച്ചതോടെ ദിവസം ആയിരക്കണക്കിനു പേരാണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപ് സന്ദര്‍ശിക്കാനെത്തുന്നത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അമേരിക്കയ്ക്കും ചൈനയ്ക്കും ഈ ദ്വീപില്‍ കണ്ണുണ്ട്. ദ്വീപില്‍ വ്യോമതാവളം നിര്‍മിക്കാന്‍ യുഎസിന് പദ്ധതിയുണ്ടെന്ന് നേരത്തെയും ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. ഈ വർഷം നടന്ന ബംഗ്ലാദേശ് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബി.എന്‍.പി.)യുടെ നേതാവുമായ ഖാലിദാ സിയ ദ്വീപ് യുഎസിന് വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഹസീന ആരോപിച്ചിരുന്നു.

‘വെള്ളക്കാരായ’ ഒരു വിദേശരാജ്യം ബംഗ്ലദേശില്‍ വ്യോമത്താവളം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അനുമതി നല്‍കാത്തതിനാല്‍ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും അവാമി ലീഗിന്റെ നേതൃത്വത്തില്‍ 2024 മെയ് മാസത്തിൽ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഹസീന വെളിപ്പെടുത്തിയിരുന്നു. അവരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അടുത്ത തവണ തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ താന്‍ ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകളാണെന്നും രാജ്യത്തെ പകുത്തുകൊണ്ട് അധികാരത്തിലെത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു മറുപടി നല്‍കിയെന്നും ഹസീന പറഞ്ഞിരുന്നു.

ഈ ചെറിയ ദ്വീപിന്മേൽ അമേരിക്ക ആധിയപത്യത്തിന് കിംവദന്തികൾ വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. എന്നാൽ അത്തരം ആരോപണങ്ങളെ യുഎസ് നിഷേധിക്കുകയാണ് ചെയ്തത്. “തൻ്റെ രാജ്യത്തിന് ചിറ്റഗോംഗിലെ സെൻ്റ് മാർട്ടിൻസ് ദ്വീപിലോ ബംഗ്ലാദേശിൽ മറ്റെവിടെയെങ്കിലുമോ ഒരു സൈനിക താവളത്തിന് പദ്ധതികളോ ആവശ്യമോ ആഗ്രഹമോ ഇല്ല,” എന്നാണ് 2003-ൽ, ബംഗ്ലാദേശിലെ അന്നത്തെ യുഎസ് പ്രതിനിധി മേരി ആൻ പീറ്റേഴ്‌സ് പറഞ്ഞത്.

ബംഗ്ലദേശിനും മ്യാന്‍മറിനും നടുവില്‍ തന്ത്രപ്രധാനമായ മേഖലയിലാണ് സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ സ്ഥാനം. സമുദ്ര ഗതാഗതത്തെയും ചരക്കുനീക്കത്തെയും അടുത്തുനിന്ന് നിരീക്ഷിക്കാനാകും. ഇവിടം നിയന്ത്രിക്കുന്നവര്‍ക്ക് സുപ്രധാന സമുദ്രപാതയായ മലാക്ക കടലിടുക്കിനടുത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാം. ചൈനയുടെ വ്യാപാരനീക്കത്തിന്റെ 80 ശതമാനത്തിലേറെയും മലാക്ക പാതയിലൂടെ ആണെന്നതിനാല്‍ ഈ മേഖല യുഎസിന് നിര്‍ണായകമാണ്. കോക്‌സ് ബസാറില്‍ ചൈന നിര്‍മിക്കുന്ന തുറമുഖം ദ്വീപിന് തൊട്ടടുത്താണ്. യുഎസിന്റെ വിശ്വസ്ത ക്വാഡ് പങ്കാളി ബംഗ്ലദേശിലെ ചാത്തോഗ്രാമില്‍ നിര്‍മാണം തുടങ്ങിയ മാതാര്‍ബരി തുറമുഖവും മാര്‍ട്ടിന്‍ ദ്വീപിനടുത്താണ്. 2027ല്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കരുതുന്ന ഈ തുറമുഖം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതാണ്.

More Stories from this section

family-dental
witywide