സ്റ്റേജ് തകര്‍ന്ന് അപകടം: യുഎസ് ടെക് കമ്പനിയുടെ ഇന്ത്യന്‍ സിഇഒയ്ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ഇന്നലെ രാത്രി റാമോജി ഫിലിം സിറ്റിയില്‍ കോര്‍പ്പറേറ്റ് പരിപാടിക്കിടെ ഇരുമ്പ് കൂട് തകര്‍ന്ന് യു.എസ് ആസ്ഥാനമായുള്ള ഇന്ത്യന്‍ സിഇഒയും മള്‍ട്ടിനാഷണല്‍ സോഫ്റ്റ്വെയര്‍ കമ്പനിയുടെ സ്ഥാപകനുമായ സഞ്ജയ് ഷാ മരിച്ചു. കമ്പനിയുടെ പ്രസിഡന്റിന് ഗുരുതര പരിക്കേറ്റു.

വിസ്റ്റെക്സ് ഏഷ്യ-പസഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജതജൂബിലി ആഘോഷത്തിനിടെയാണ് അപകടം.

ഇല്ലിനോയിസ് ആസ്ഥാനമായുള്ള അമ്പത്തിയാറുകാരനായ സഞ്ജയ് ഷായെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം കമ്പനിയുടെ പ്രസിഡന്റ് വിശ്വനാഥ് രാജു ദറ്റ്ല ഗുരുതര പരിക്കുകളോടെ ജീവനുവേണ്ടി പോരാടുകയാണ്.

വിസ്റ്റെക്സ് ജീവനക്കാര്‍ക്കായി റാമോജി ഫിലിം സിറ്റിയില്‍ മുറികള്‍ ബുക്ക് ചെയ്യുകയും രണ്ട് ദിവസങ്ങളിലായി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ നടത്തിവരികയും ചെയ്യുകയായിരുന്നു. പരിപാടിയുടെ ഭാഗമായി സഞ്ജയ് ഷായെയും വിശ്വനാഥ് രാജു ദറ്റ്ലയെയും ഒരു ഇരുമ്പ് കൂട്ടില്‍ നിന്ന് വേദിയിലേക്ക് ഇറക്കി ആഘോഷങ്ങള്‍ക്ക് തുടക്കമിടാനായിരുന്നു സംഘാടകര്‍ ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍, രാത്രി 7.40ഓടെ ഷായെയും രാജുവിനെയും ഇരുമ്പ് കൂട്ടില്‍ കയറ്റി ഉയരത്തില്‍ നിന്ന് താഴെ സ്റ്റേജിലേക്ക് ഇറക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കയറ് പൊട്ടി രണ്ടുപേരും നിലംപതിക്കുകയായിരുന്നു. ഇരുവരും 15 അടിയിലധികം താഴ്ചയിലേക്കാണ് വീണത്.

നിരവധി പരിക്കുകളോടെയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.