ഭവതാരിണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സ്റ്റാലിന്‍

ചെന്നൈ: ഇളയരാജയുടെ മകള്‍ ഭവതാരിണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംഗീതജ്ഞരുടെ കുടുംബത്തില്‍ ജനിച്ച ഭവതാരിണി വളരെ ചെറുപ്പത്തില്‍ തന്നെ പലരുടെയും ഹൃദയം കവര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ അതുല്യമായ ശബ്ദം അവരുടെ പാട്ടുകള്‍ തിരിച്ചറിയാന്‍ എളുപ്പമാക്കി. ഭവതാരിണിയുടെ പിതാവ് സംഗീതസംവിധായകനായിരുന്ന ഭാരതി എന്ന ചിത്രത്തിലെ ഗാനത്തിന് ഭവതാരിണിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതും മുഖ്യമന്ത്രി സ്റ്റാലിന്‍ അനുസ്മരിച്ചു.

നിരവധി സിനിമകള്‍ക്ക് സംഗീത സംവിധായികയായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവരുടെ ആകസ്മിക മരണം സംഗീത ലോകത്തിന് വലിയ നഷ്ടമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. യുവന്‍ ശങ്കര്‍ രാജ, കാര്‍ത്തിക് രാജ ഉള്‍പ്പെടെയുള്ള ഇളയരാജയ്ക്കും കുടുംബത്തിനും അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, എഐഎസ്എംകെ അധ്യക്ഷന്‍ ശരത് കുമാര്‍, എഎംഎംകെ നേതാവ് ടിടിവി ദിനകരന്‍, വികെ ശശികല എന്നിവരും ഭവതാരിണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

‘1995-ല്‍ ‘രാസയ്യ’ എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഭവതാരണിയെക്കുറിച്ചുള്ള മനോഹരവും അവിസ്മരണീയവുമായ ഓര്‍മ്മകള്‍ എനിക്കുണ്ട്. അവരുടെ ആദ്യ ഗാനം ‘മസ്താന മസ്താന’ ഒറ്റരാത്രികൊണ്ട് ജനപ്രിയമായി’- അമ്മ ക്രിയേഷന്‍സിന്റെ നിര്‍മ്മാതാവ് ടി ശിവ പറയുന്നു. ‘ഒരിക്കലും കോപം കാണിക്കാത്ത ഒരു എളിയ വ്യക്തി. ചെറുപ്പത്തില്‍ തന്നെ ‘ഭാരതി’ എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊന്നു ഒന്ന്’ എന്ന ഗാനത്തിന് 2000-ല്‍ മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. നാമെല്ലാവരും അഭിമാനിക്കുന്ന ഒരു ചടങ്ങ്. എന്നാല്‍ അതേ സമയം വനിതാ സംഗീതജ്ഞരെ പ്രോത്സാഹിപ്പിക്കുന്നതില്‍ ചലച്ചിത്ര വ്യവസായം പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്മ ജീവ രാജയ്യയോട് അവര്‍ വളരെ അടുപ്പത്തിലായിരുന്നുവെന്നും ‘അവര്‍ തന്നെ കാണുമ്പോഴെല്ലാം, ഒരു വലിയ അവസരം നല്‍കിയതും ‘രാസയ്യ’യില്‍ പാടാന്‍ പ്രോത്സാഹിപ്പിച്ചതും ഞാനാണെന്നും സ്‌നേഹത്തോടെ പരാമര്‍ശിക്കുമായിരുന്നുവെന്നും അദ്ദേഹം സ്മരിച്ചു.

ഇളയ സഹോദരന്‍ യുവന്‍ ശങ്കര്‍ രാജയുമായുള്ള ബന്ധം സവിശേഷമായിരുന്നുവെന്ന് സംവിധായികയും നിര്‍മ്മാതാവുമായ ചിത്ര ലക്ഷ്മണന്‍ അനുസ്മരിച്ചു.