തൊഴിലാളി പ്രതിഷേധ റാലിയിൽ പങ്കെടുത്ത സെനറ്റർ നിഖിൽ സവലിനെ അറസ്റ്റ് ചെയ്തു

ഫിലഡൽഫിയ: ഫിലഡൽഫിയ സ്റ്റേഡിയം തൊഴിലാളികളോട് രാജ്യാന്തര കമ്പനിയായ അരമാർക്കിന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ചു നടത്തിയ റാലിയിൽ പങ്കെടുത്ത സ്റ്റേറ്റ് സെനറ്റർ നിഖിൽ സവലിനെ അറസ്റ്റ് ചെയ്തു. ഈ മാസം 12 ന് ലേബർ യൂണിയൻ യുണൈറ്റ് ഹിയർ സംഘടിപ്പിച്ച റാലിയിലാണ് നിഖിൽ പങ്കെടുത്തത്.

ഫിലഡൽഫിയയിലെ പ്രധാന കായിക വേദികളിൽ തൊഴിലാളികൾക്ക് നൽകുന്ന കുറഞ്ഞ വേതനവും അപര്യാപ്തമായ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

‘‘ഫിലഡൽഫിയയിൽ താമസിക്കുന്നവരും അവിടെ സന്ദർശകരായി എത്തുന്നവരും സാധ്യമായതിൽ വച്ച് ഏറ്റവും നല്ല അനുഭവങ്ങളിലൂടെ കടന്നുപോകണമെന്ന് ഉറപ്പാക്കാൻ യുനൈറ്റ് ഹിയർ തൊഴിലാളികൾ വർഷം മുഴുവനും കഠിനമായ തണുപ്പിലും കൊടും ചൂടിലും ജോലി ചെയ്യുന്നു. പകരമായി, അരമാർക്ക് അവരുടെ കുടുംബത്തെ പോറ്റുന്നതിനോ വീടുകൾ സംരക്ഷിക്കുന്നതിനോ ജീവൻ രക്ഷിക്കാൻ സാധ്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിനോ അർഹമായ വേതനവും ആനുകൂല്യങ്ങളും നൽകുന്നതിനോ ഒന്നും ചെയ്യുന്നില്ല. അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതു വരെ ഞാൻ അവരോടൊപ്പമുണ്ടെന്നും’’ നിഖിൽ സവൽ വ്യക്തമാക്കി.

2023-ൽ 18 ബില്യൻ ഡോളറിലധികം വരുമാനമുള്ള രാജ്യാന്തര കമ്പനിയായ അരമാർക്ക്, ഫിലഡൽഫിയയിലെ സ്റ്റേഡിയങ്ങളിൽ ഭക്ഷണ-പാനീയ വിതരണം ചെയ്യുന്നതിന്‍റെ ചുമതല വഹിക്കുന്നുണ്ട്.

നിഖിൽ സവലിൻ്റെ മാതാപിതാക്കൾ ബാംഗ്ലൂരിൽ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ്. 1982ലാണ് സവൽ ജനിച്ചത്. ഇതേവർഷം സാവലിന്റെ മാതാപിതാക്കൾ ഒരു പിസ്സ റെസ്റ്റോറൻ്റ് തുറന്നു. അവിടെയാണ് സാവൽ തൻ്റെ ബാല്യവും കൗമാരവും കൂടുതലും ചെലവഴിച്ചത്. പല ചുറ്റുപാടുകളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു റെസ്റ്റോറൻ്റിലെ ജീവനക്കാർ. സവലിൻ്റെ മാതാപിതാക്കൾ അവരിൽ പലരെയും ഡോക്യുമെൻ്റേഷൻ സുരക്ഷിതമാക്കാൻ സഹായിച്ചു. കുടിയേറ്റക്കാർ എന്ന നിലയിലും ചെറുകിട ബിസിനസ്സ് ഉടമകൾ എന്ന നിലയിലും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ അനുഭവങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വീക്ഷണത്തിന് രൂപം നൽകി.

More Stories from this section

family-dental
witywide