SNDP യോഗം പൊതു ട്രസ്റ്റ് ആണെന്ന ഉത്തരവിന് സ്റ്റേ; നോട്ടീസ് വെള്ളാപ്പള്ളിയുടെ ഹർജിയിൽ

ന്യൂഡൽഹി: ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റ് ആണെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ. സുപ്രീം കോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. എസ്എൻഡിപി യോഗവും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ്‌ കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

എസ്എൻഡിപി യോഗം, പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തിരുന്ന അരുവിപ്പുറം ക്ഷേത്ര യോഗത്തിന്റെ തുടർച്ചയാണ് എന്നായിരുന്നു വിചാരണക്കോടതിയും ഹൈക്കോടതിയും വിധിച്ചിരുന്നത്. അതിനാൽ, എസ്എൻഡിപി യോഗവും പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റാണെന്നും ഇരു കോടതികളും വിധിച്ചിരുന്നു. പബ്ലിക്ക് ചാരിറ്റബിൾ ട്രസ്റ്റിന്റെ നിയമാവലി പ്രകാരമുള്ള സ്‌കീം തയ്യാറാക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.

ഹൈക്കോടതിയുടെ ഈ ഉത്തരവ് ചോദ്യംചെയ്തതാണ് എസ്എൻഡിപി യോഗവും വെള്ളാപ്പള്ളി നടേശനും സുപ്രീം കോടതിയെ സമീപിച്ചത്. ശ്രീനാരായണഗുരു സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രയോഗത്തിന്റെ തുടർച്ചയാണ് എസ്എൻഡിപി യോഗം എന്ന് തെളിയിക്കാനുള്ള ഒരു രേഖയും ഇല്ലാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയും അഭിഭാഷകൻ റോയ് ഏബ്രഹാമും വാദിച്ചു. എന്നാൽ, 1903-ൽ ഇന്ത്യൻ കമ്പനി നിയമപ്രകാരം എസ്എൻഡിപി യോഗം രജിസ്റ്റർ ചെയ്തതിന് തെളിവുകളും രേഖകളും ഉണ്ടെന്നും ഇരുവരും ചൂണ്ടിക്കാട്ടി. അതേസയമയം, എസ്എൻഡിപി യോഗത്തിന്റെ ചരിത്രം സംബന്ധിച്ച് മുന്‍ സെക്രട്ടറി വേലായുധന്‍ എഴുതിയ പുസ്തകത്തില്‍ പൊതുജനങ്ങളില്‍നിന്ന് സംഭാവന പിരിച്ച് ട്രസ്റ്റ് ആയാണ് രജിസ്റ്റര്‍ ചെയ്തതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് എതിര്‍ കക്ഷികളുടെ വാദം. പിന്നീട് കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ട്രസ്റ്റിന്റെ സ്വഭാവത്തില്‍ മാറ്റമില്ലെന്നും എതിര്‍കക്ഷികള്‍ വാദിക്കുന്നു.

വിഷയം വിശദമായി കേൾക്കേണ്ടതാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും എതിർ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തത്. കേസിലെ എതിർകക്ഷികൾക്കുവേണ്ടി അഭിഭാഷകൻ എം.ആർ. അഭിലാഷ് ഹാജരായി. സ്റ്റേ ഉത്തരവ് പുറപ്പടുവിക്കുന്നതിനെ അഭിഭാഷകൻ ശക്തമായി എതിർത്തു.

More Stories from this section

family-dental
witywide