ബഹിരാകാശ നിലയത്തില്‍ വിചിത്രമായ ശബ്ദങ്ങള്‍? പിന്നില്‍ എന്താണ്? ഉത്തരം നല്‍കി നാസ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബാരി വില്‍മോറും ‘വിചിത്രമായ ശബ്ദങ്ങള്‍’ കേള്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് നാസ.

സുനിതാ വില്യംസും വില്‍മോര്‍ ബുച്ചും ബഹിരാകാശ നിലയത്തില്‍ എത്തിയ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ സ്പീക്കറുകളിലൂടെയാണ് പ്രത്യേകതരം ശബ്ദം വരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ബഹിരാകാശ നിലയത്തിനും സ്റ്റാര്‍ലൈനറിനും ഇടയിലുള്ള ഓഡിയോ കോണ്‍ഫിഗറേഷന്‍ പ്രശ്നത്തിന്റെ ഫലമായാണ് ഈ ശബ്ദങ്ങള്‍ ഉണ്ടാകുന്നതെന്ന് നാസ വ്യക്തമാക്കി. ബഹിരാകാശ പേടകം നിലവില്‍ ഐഎസ്എസില്‍ ഡോക്ക് ചെയ്തിരിക്കുകയാണ്. സെപ്റ്റംബര്‍ 7 ന് യാത്രികരില്ലാതെ പേടകത്തിന്റെ മടക്കയാത്ര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഒന്നിലധികം ബഹിരാകാശവാഹനങ്ങളും മൊഡ്യൂളുകളും പരസ്പരം ബന്ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു സങ്കീര്‍ണ്ണ ശൃംഖലയാണ് ISS ഓഡിയോ സിസ്റ്റം എന്നും ഇതില്‍ നിന്നും ഇടയ്ക്കിടെയുള്ള ശബ്ദം അസാധാരണമല്ലെന്നും നാസ ഒരു പ്രസ്താവനയില്‍ വിശദീകരിച്ചു. പേടിക്കാനില്ലെന്നും ഇത് പേടകത്തിനോ ബഹിരാകാശ നിലയത്തിനോ അതിലുള്ള സഞ്ചാരികള്‍ക്കോ പ്രശ്‌നമൊന്നും സൃഷ്ടിക്കില്ലെന്നും നാസ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബഹിരാകാശ നിലയത്തില്‍ നിന്നും അണ്‍ഡോക്ക് ചെയ്തതിന് ശേഷം, സ്റ്റാര്‍ലൈനര്‍ ന്യൂ മെക്‌സിക്കോയിലെ വൈറ്റ് സാന്‍ഡ്‌സ് സ്‌പേസ് ഹാര്‍ബറില്‍ ലാന്‍ഡിംഗ് നടത്തുമെന്നാണ് വിവരം. യാത്ര തുടങ്ങി ഏകദേശം ആറു മണിക്കൂര്‍കൊണ്ടാണ് പേടകം ഭൂമിയിലെത്തുക. ബോയിങ്ങിന്റെ ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് മിഷന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ 5 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ബഹിരാകാശ സഞ്ചാരികളായ വില്‍മോറും സുനിതയും ഇപ്പോഴും അവിടെ തുടരുകയാണ്. 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലായിരിക്കും ഇരുവരും ഭൂമിയിലേക്ക് മടങ്ങിയെത്തുക എന്ന് നാസ നേരത്തെ വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide