പാലക്കാട്: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച ഏഴു വയസുകാരന് ഗുരുതര പരുക്ക്. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷിഹാനെയാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അതീവ സുരക്ഷാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൈയിലും കാലിലും തുടയിലുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണ് ആക്രമണമുണ്ടായത്. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ചാലിശേരി പോലീസ് കേസെടുത്തു. തുടര്‍ച്ചയായി തെരുവുനായ്ക്കള്‍ വിഹരിക്കുന്ന ഇടമാണിതെന്നും ഇത്തരം സംഭവങ്ങള്‍ ഇവിടെ തുടര്‍ക്കഥയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.