ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു അനാഥാലയത്തിലെ ജീവനക്കാർ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് അന്തേവാസികളായ 21 കുട്ടികൾ പറഞ്ഞതായി പൊലീസ്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) ഒരു സംഘം കഴിഞ്ഞയാഴ്ച അനാഥാലയത്തിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയെ തുടർന്നാണ് ഭീകരതയുടെ ചുരുളഴിഞ്ഞത്.
ചെറിയ പിഴവുകൾക്ക് പോലും ജീവനക്കാർ പീഡിപ്പിക്കുമെന്ന് കുട്ടികൾ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പോലീസ് പറഞ്ഞു. “തങ്ങളെ തലകീഴായി തൂക്കിയിടുകയും ഇരുമ്പ് പഴുപ്പിച്ച് ശരീരത്തിൽ വയ്ക്കുകയും വസ്ത്രം അഴിച്ചതിന് ശേഷം ഫോട്ടോയെടുക്കുകയും ചെയ്തതായി കുട്ടികൾ സംഘത്തോട് പരാതിപ്പെട്ടു,” ഉദ്യോഗസ്ഥർ പറഞ്ഞു.
ചുവന്ന മുളക് കത്തിച്ച് കുട്ടികളെക്കൊണ്ട് അതിന്റെ പുക ശ്വസിപ്പിക്കാറുണ്ടെന്നും ആരോപണത്തിൽ പറയുന്നു.
അനാഥാലയത്തിലെ അഞ്ച് ജീവനക്കാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
“നാലുവയസ്സുള്ള കുട്ടിയെ കുളിമുറിയിൽ പൂട്ടിയിട്ടു. പാന്റിനുള്ളിൽ മലമൂത്ര വിസർജ്ജനം നടത്തിയ ശേഷം രണ്ട് മൂന്ന് ദിവസത്തേക്ക് ഭക്ഷണം നൽകിയില്ല,” എഫ്‌ഐആറിൽ പറയുന്നു.
വാത്സല്യപുരം ജെയിൻ ട്രസ്റ്റിന്റെ കീഴിലുള്ള അനാഥാലയം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു, സൂറത്ത്, ജോധ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിലും ട്രസ്റ്റിന് അനാഥാലയങ്ങളുണ്ട്.
“സിഇസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അനാഥാലയം ഉടൻ സീൽ ചെയ്യുകയും കുട്ടികളെ സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറ്റുകയും ചെയ്തു,” ഇൻഡോർ അഡീഷണൽ പോലീസ് കമ്മീഷണർ അമ്രേന്ദ്ര സിംഗ് പറഞ്ഞു. പരാതിയ്‌ക്കൊപ്പം കുട്ടികളുടെ പരിക്കിന്റെ ചിത്രങ്ങളും സംഘം സമർപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.