ന്യൂഡല്‍ഹി: തിങ്കളാഴ്ച പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ ക്ലാസ് മുറിയില്‍ അധ്യാപിക ആക്രമിക്കപ്പെട്ടു. 18 വയസുള്ള വിദ്യാര്‍ത്ഥിയാണ് ഇംഗ്ലീഷ് അധ്യാപികയുടെ മുഖത്ത് കുത്തിയശേഷം ഓടിപ്പോയത്.
പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഒരു പട്ടണത്തില്‍ നിന്നുള്ള അധ്യാപികയ്ക്കാണ് മുഖത്ത് പരിക്കേറ്റത്. എന്നാല്‍ പരിക്ക് സാരമുള്ളതല്ല. ആക്രമണത്തിന് മതപരമോ മറ്റുള്ള ലക്ഷ്യങ്ങളോ ഇല്ലെന്നും അസന്തുഷ്ടനായ വിദ്യാര്‍ത്ഥിയാണ് ആക്രമണത്തിന് പിന്നിലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ എറിക് ബോയിലാര്‍ഡ് വെളിപ്പെടുത്തി.
വിദ്യാര്‍ത്ഥി അധ്യാപികയെ പിന്നില്‍ നിന്ന് ആക്രമിച്ച് മുഖത്ത് കുത്തുകയും ക്ലാസ് മുറിയില്‍ പരിഭ്രാന്തി പരത്തുകയും ചെയ്തു. ആക്രമണത്തിന് ശേഷം പ്രതി കത്തി ഉപേക്ഷിച്ച് ജനാലയിലൂടെ പെട്ടെന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
വിദ്യാര്‍ത്ഥിക്ക് അധ്യാപികയോട് ഒരു പരാതിയോ പ്രശ്‌നമോ ഉണ്ടായിരുന്നില്ലെന്നും ആക്രമണം പെട്ടെന്നായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അധ്യാപികയുടെ പരിക്ക് നിസ്സാരമാണെങ്കിലും അവര്‍ക്ക് കടുത്ത മാനസിക ആഘാതം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, അധ്യാപകര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും എതിരെ അവരുടെ സമപ്രായക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉള്‍പ്പെടുന്ന സംഭവങ്ങളുടെ ഒരു പരമ്പര തന്നെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫ്രാന്‍സിന്റെ ഉറക്കം കെടുത്തുന്നുണ്ട്.