ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം അയച്ചത് വിദ്യാര്‍ത്ഥികള്‍, പരീക്ഷ മാറ്റിവയ്ക്കാന്‍ കണ്ട വഴി !

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയത് സ്വന്തം വിദ്യാര്‍ത്ഥികളാണെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്ലിന്റെ പ്രാഥമിക അന്വേഷണത്തിലാണ് ഭീഷണിക്കു പിന്നില്‍ വിദ്യാര്‍ത്ഥികളാണെന്ന് കണ്ടെത്തിയത്. പരീക്ഷകള്‍ മാറ്റിവെക്കാന്‍ കണ്ടെത്തിയ വഴിയാണ് വ്യാജ ബോംബ് ഭീഷണി.

മെയിലിനു പിന്നാലെ നടത്തിയ അന്വേഷണമാണ് കുട്ടികളിലേക്ക് എത്തിയത്. പരീക്ഷയ്ക്ക് നന്നായി പഠിച്ചില്ലെന്നും പരീക്ഷ മാറ്റിവയ്ക്കാന്‍ തങ്ങള്‍ കണ്ടെത്തിയ വഴിയാണെന്നും കുട്ടികള്‍തന്നെ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കുകയും ഇവരെ പോകാന്‍ അനുവദിക്കുകയും ചെയ്തു.

രോഹിണിയിലും പശ്ചിം വിഹാറിലും സ്ഥിതി ചെയ്യുന്ന രണ്ട് സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നും പൊലീസ് വ്യക്തമാക്കി.

സമീപകാലത്ത് സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ തുടര്‍ക്കഥയാകുകയാണ്. ചൊവ്വാഴ്ച, ചില സ്‌കൂളുകള്‍ക്ക് 100,000 ഡോളര്‍ ആവശ്യപ്പെട്ട് മെയില്‍ സന്ദേശം ലഭിച്ചിരുന്നു. കൂടാതെ ’72 മണിക്കൂറിനുള്ളില്‍’ ബോംബുകള്‍ പൊട്ടിത്തെറിക്കും എന്ന ഭീഷണിയും ഉണ്ടായിരുന്നു. ഡിസംബര്‍ 9 ന് 44 സ്‌കൂളുകള്‍ക്ക് ഭീഷണി ഇമെയിലുകള്‍ ലഭിച്ചതോടെയാണ് ഭീഷണികള്‍ തുടര്‍ക്കഥയായിരുന്നു. ഈ വര്‍ഷം മെയ് മുതല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കു മാത്രമല്ല ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, എയര്‍ലൈന്‍ കമ്പനികള്‍ എന്നിവയെ ലക്ഷ്യമിട്ടും 50-ലധികം ബോംബ് ഭീഷണി ഇമെയിലുകള്‍ വന്നിട്ടുണ്ട്.

More Stories from this section

family-dental
witywide