74 ന്റെ നിറവില്‍ സ്റ്റൈല്‍ മന്നന്‍, കമല്‍ഹാസനും ധനുഷും സ്റ്റാലിനും അടക്കം ആശംസകള്‍ നേര്‍ന്നു, ആഘോഷമാക്കി ആരാധകരും

തലൈവര്‍ എന്നറിയപ്പെടുന്ന തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് ഇന്ന് 74-ാം ജന്മദിനം. ആരാധകരും മറ്റ് താരങ്ങളും നിരവധി പ്രമുഖരും പ്രിയതാരത്തിന് ഇന്ന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

രജനികാന്തിന്റെ പ്രിയ സുഹൃത്ത് കമല്‍ഹാസന്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, നടന്മാരായ ധനുഷ്, സൂര്യ, തുടങ്ങിയവര്‍ തങ്ങളുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലുകളില്‍ ആശംസകള്‍ നേര്‍ന്നു.

‘അതിര്‍ത്തികള്‍ കടന്ന് തന്റെ അഭിനയത്തിലൂടെയും ശൈലിയിലൂടെയും എല്ലാ പ്രായത്തിലുമുള്ള ആരാധകരെ നേടിയെടുത്ത എന്റെ അത്ഭുത സുഹൃത്ത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ജന്മദിനാശംസകള്‍ എന്നായിരുന്നു സ്റ്റാലിന്റെ ആശംസ. ദളപതി വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ടിലൂടെയാണ് രജനികാന്തിന് ജന്മദിനാശംസകള്‍ അറിയിച്ചത്.

അതേസമയം, പാല്‍ അഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ് ആരാധകര്‍ രജിനികാന്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയത്. അദ്ദേഹത്തിന്റെ വലിയ കട്ടൗട്ടുകളും പ്രതിമകളും തെരുവുകളില്‍ നിറഞ്ഞിട്ടുണ്ട്.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിനൊപ്പം, തന്റെ സമാനതകളില്ലാത്ത അഭിനയംകൊണ്ട് ഇപ്പോഴും ത്രസിപ്പിച്ചുകൊണ്ടിരിക്കുകയാണ് രജനികാന്ത്. സിനിമയിലെ ചെറിയ തുടക്കം മുതല്‍ ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായി മാറുന്നത് വരെ, സ്ഥിരോത്സാഹവും സിനിമയോടുള്ള അഭിനിവേശവും വിടാതെ പിന്തുടരുന്ന താരം കൂടിയാണ് ഇദ്ദേഹം. നടനാകുന്നതിന് മുമ്പ് കൂലിയായും മരപ്പണിക്കാരനായും മാത്രമല്ല ബസ് കണ്ടക്ടറായും ജോലി ചെയ്തിരുന്നു.

ബാംഗ്ലൂരിലെ ഒരു മറാത്തി കുടുംബത്തില്‍ ജനിച്ച രജനികാന്തിന്റെ യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്വാദ് എന്നാണ്. കരിയര്‍ ആരംഭിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ ഗുരുവും സംവിധായകനുമായ കെ. ബാലചന്ദറാണ് അദ്ദേഹത്തിന്റെ പേര് രജനികാന്ത് എന്ന് മാറ്റാന്‍ നിര്‍ദ്ദേശിച്ചത്.

വേട്ടയ്യനാണ് രജനികാന്തിന്റേതായി അവസാനമെത്തിയ ചിത്രം. ടിജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്തത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, അഭിരാമി, ദുഷാര വിജയന്‍, റിതിക സിംഗ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

More Stories from this section

family-dental
witywide