ന്യൂഡൽഹി: വിദേശകാര്യ മന്ത്രാലയത്തെയും (എംഇഎ) ദേശീയ സുരക്ഷാ ഏജൻസിയെയും (എൻഎസ്എ) പരിഹസിച്ച് ബിജെപി അംഗവും മുൻ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. എട്ട് ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഖത്തർ സർക്കാർ വിട്ടയച്ചത് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഇടപെടൽ മൂലമാണെന്നും അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയും ഖത്തറും സന്ദർശിക്കുമ്പോൾ നടനെയും കൂടെ കൊണ്ടുപോകണമെന്നും സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടു.
എക്‌സിലെ പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
“ഖത്തര്‍ ഷെയ്ഖുമാരില്‍ സ്വാധീനം ചെലുത്തുന്നതില്‍ വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, വിലയേറിയ ഒത്തുതീര്‍പ്പിലൂടെ നമ്മുടെ നാവികരെ മോചിപ്പിക്കാന്‍ ഇടപെട്ട സിനിമതാരം ഷാറൂഖ് ഖാനേയും മോദി ഖത്തര്‍ സന്ദര്‍ശനത്തില്‍ കൂടെക്കൂട്ടണം,” എന്നായിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കമെന്റ്.
എട്ട് മുന്‍ നാവികരെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അലത്താനിയാണ് വിട്ടയക്കാന്‍ തീരുമാനിച്ചത്. ഇതോടെ മലയാളി ഉള്‍പ്പെടെ ഏഴുപേരും തിങ്കളാഴ്ച പുലര്‍ച്ചെ ഇന്ത്യയിലെത്തി. ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് 2022 ഓഗസ്റ്റില്‍ അറസ്റ്റിലായ സൈനികര്‍. ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന സ്വകാര്യ സ്ഥാപനത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.