കരുനാഗപ്പള്ളി വിഭാഗിയതയിൽ നടപടി, 4 നേതാക്കൾ ഡിസിയിൽ നിന്ന് പുറത്ത്! എസ് സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തുടരും

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവന്‍ തുടരും. വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയില്‍ നിന്നുള്ള നാലു നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പി ആര്‍ വസന്തന്‍, എസ് രാധാമണി, പി കെ ബാലചന്ദ്രന്‍, ബി ഗോപന്‍ എന്നിവരെയാണ് ഒഴിവാക്കിയത്. കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാപോറ്റിയെയും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ അയിഷാപോറ്റി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം നാല് പുതുമുഖങ്ങള്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംനേടി. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍, എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ആദര്‍ശ് എം സജി, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഗീതാകുമാരി, അഡ്വ. വി സുമലാല്‍ എന്നിവരാണ് പുതുതായി ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്. കരുനാഗപ്പള്ളിയില്‍ നിന്നും ആരെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമായി.

അതേസമയം ബീഡി തെറുപ്പ് തൊഴിലാളിയില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകനായും തൊഴിലാളി നേതാവായും വളര്‍ന്ന സുദേവനെ തന്നെ സിപിഎമ്മിന്റെ ജില്ലയിലെ അമരക്കാരനായി മാറുന്നത് മൂന്നാം തവണയാണ്. ഇപ്പോൾ ധന മന്ത്രിയായി പ്രവർത്തിക്കുന്ന കെ എൻ ബാലഗോപാൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 2018 മെയ് മാസത്തിലാണ് സുദേവൻ ആദ്യമായി ജില്ലാ സെക്രട്ടറി ആകുന്നത്. പിന്നീട് നടന്ന ജില്ലാ സമ്മേളനം അദ്ദേഹത്തെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

കൊല്ലായില്‍ 1954 ലാണ് സുദേവന്റെ ജനനം. 1971 ല്‍ സിപിഎം അംഗമായി. പിന്നീട്‌ കൊല്ലായിൽ, മാടത്തറ ബ്രാഞ്ച് സെക്രട്ടറിയായി. 1990 മുതൽ 95 വരെ ചടയമംഗലം ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. 1984 മുതൽ ജില്ലാ കമ്മിറ്റി അംഗമായും 1995 മുതൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും 2015 മുതൽ സംസ്ഥാന കമ്മിറ്റി അംഗമായും സുദേവൻ പ്രവർത്തിച്ചുവരുന്നു. കശുവണ്ടിത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, സിഐടിയു കേന്ദ്ര വർക്കിങ് കമിറ്റി അംഗം, കാപെക്‌സ് ചെയർമാൻ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide