സുധാമൂര്‍ത്തി രാജ്യസഭയിലേക്ക്, നിര്‍ദേശിച്ചത് രാഷ്ട്രപതി

ന്യൂഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും മോട്ടിവേഷണല്‍ സ്പീക്കറുമായ സുധാമൂര്‍ത്തി രാജ്യസഭയിലേക്ക്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് നാമനിര്‍ദേശം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

സാമൂഹിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ സുധാ ജിയുടെ സംഭാവനകള്‍ വളരെ വലുതും പ്രചോദനാത്മകവുമാണ്. രാജ്യസഭയിലെ അവരുടെ സാന്നിദ്ധ്യം നമ്മുടെ ‘നാരി ശക്തി’യുടെ ശക്തമായ സാക്ഷ്യമാണെന്നും നമ്മുടെ രാജ്യം രൂപപ്പെടുത്തുന്നതില്‍ സ്ത്രീകളുടെ ശക്തിയും കഴിവും ഉദാഹരണമാണെന്നും അവര്‍ക്ക് നല്ലൊരു പാര്‍ലമെന്ററി ഭരണം ആശംസിക്കുന്നുവെന്നും മോദി കുറിച്ചു.

ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്സണായ സുധാ മൂര്‍ത്തി ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യയാണ്. മാത്രമല്ല, 2006-ല്‍ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ സാമൂഹ്യ പ്രവര്‍ത്തനത്തിന് സുധാമൂര്‍ത്തിക്ക് ലഭിച്ചു. 2023-ല്‍ ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും നേടിയിട്ടുണ്ട്.

പ്രശസ്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ സുധാ മൂര്‍ത്തി ഭര്‍ത്താവിനെപ്പോലെ, വിദഗ്ധയായ എഞ്ചിനീയറാണ്. ടാറ്റ എഞ്ചിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനി (ടെല്‍കോ) നിയമിച്ച ആദ്യത്തെ വനിതാ എഞ്ചിനീയറായിരുന്നു സുധാ മൂര്‍ത്തി. യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെ വിവാഹം കഴിച്ച അക്ഷത മൂര്‍ത്തിയുടെ അമ്മയാണ് സുധ മൂര്‍ത്തി.

More Stories from this section

family-dental
witywide