
തൃശൂർ: പി.ടി. കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന ചിത്രം ദേശീയ അവാർഡ് നിർണയത്തിൽ അവസാന നിമിഷം മാറ്റി നിർത്തിയെന്ന് അവാർഡ് നിർണയ ജൂറി അംഗമായിരുന്ന സംവിധായകൻ സിബി മലയിൽ. സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ സംഭാവനകൾ മുൻനിർത്തി സുഹൃത്തുകൾ സംഘടിപ്പിച്ച ‘പി.ടി. കലയും കാലവും’ എന്ന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
2009ലെ ദേശീയ അവാർഡ് നിർണയ സമിതിയിൽ പരദേശി എന്ന സിനിമ വിവിധ അവാർഡുകൾക്ക് പരിഗണിക്കപ്പെട്ടിരുന്നു. സിനിമയിലെ ‘തട്ടംപിടിച്ചു വലിക്കല്ലേ…’ എന്ന ഗാനത്തിന് സുജാതക്ക് മികച്ച പിന്നണി ഗായികക്കുള്ള അവാർഡ് നൽകാൻ തീരുമാനമായി.
എന്നാൽ, അവസാന നിമിഷം ഫെസ്റ്റിവൽ ഡയറക്ടർ ഇടപെട്ട് ശ്രേയാ ഘോഷാലിന് അവാർഡ് നൽകി. മറ്റ് അവാർഡുകളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു. ചാനലുകളുടെ അവാർഡ് ഷോ പോലെയാണ് ദേശീയ അവാർഡ് നിർണയമെന്നാണ് ഉത്തരവാദപ്പെട്ടവർ പോലും ധരിച്ചുവെച്ചിരിക്കുന്നതെന്നും സിബി മലയിൽ പറഞ്ഞു.
“ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികൾ. പരദേശിക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു. എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു. സുജാതയ്ക്കെന്ന് അറിഞ്ഞപ്പോൾ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ചോദിച്ചു. അദ്ദേഹം മുൻകൈയെടുത്ത് വീഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തിക്കുകയായിരുന്നു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്,” സിബി മലയിൽ പറഞ്ഞു.