
വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ ഉള്ളുപിടഞ്ഞ് കേരളക്കരയാകെ കണ്ണീര്‍ പൊഴിക്കുകയാണ്. ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട് നാമാവശേഷമായി തീര്‍ന്ന വയനാട്ടിലെ മുണ്ടകൈയും ചൂരല്‍മലയുമെല്ലാം മലയാളി മനസിലേല്‍പ്പിച്ച മുറിവ് ചെറുതല്ല.
രക്ഷാപ്രവര്‍ത്തനത്തില്‍ മലയാളി മാതൃകയായിരിക്കുകയാണ് വീണ്ടും. 2018 ലെ വെള്ളപ്പൊക്കവും കോവിഡിനെതോല്‍പ്പിച്ച ഇഛാശക്തിയുമെല്ലാം പലകുറി ചര്‍ച്ചയാകുകയും, ഇതാണ് മലയാളിയെന്ന് മനസാക്ഷിയില്‍ വീണ്ടും കോറിയിടുകയും ചെയ്തു മനുഷ്യര്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ കൈകോര്‍ക്കുമ്പോള്‍ ജാതിയോ മതമോ വര്‍ഗമോ വര്‍ണമോ നോക്കാതെ ഒറ്റക്കെട്ടാണ് നാം. ഇത് ചൂണ്ടിക്കാട്ടി നിരവധിപേര്‍ എത്തുന്നുമുണ്ട്. ഇപ്പോഴിതാ ഗായിക സുജാതയും അത്തരത്തില്‍ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളുലയ്ക്കുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ്.
കുട്ടികളെ സുരക്ഷിതരാക്കുന്ന രക്ഷാപ്രവര്‍ത്തകരുടെ ചിത്രം പങ്കുവെച്ചുകൊണ്ട്, ഈ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങള്‍ വളരുക എന്നാണ് കുറിച്ചത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
‘മക്കളെ …നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങള്‍ വളരുക…..നിങ്ങളുടെ സഹജീവികളെ സ്‌നേഹിച്ചു നീങ്ങള്‍ വളരുക….നീങ്ങള്‍ വളരുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ നീങ്ങള്‍ പറയണം…. ഡോക്ടര്‍ ആവണം എന്‍ജിനീയര്‍ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യന്‍’ ആവണമെന്ന് ??’