തിരുവനന്തപുരം: തനിക്കെതിരെ വീട്ടമ്മ ഉന്നയിച്ച ബലാത്സംഗ ആരോപണം തന്‍റെ കുടുംബം പോലും തകർക്കാനുള്ള ശ്രമമാണെന്ന് മലപ്പുറം മുൻ എസ്‍.പി സുജിത് ദാസ് ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും നിയമപരമായി നേരിടുമെന്നും ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന സുജിത് ദാസ് ആരോപിച്ചു.
ആരോപണമുന്നയിച്ചതിനെതിരെ കേസ് നല്‍കും. 2022ൽ തന്‍റെ എസ്‍പി ഓഫിസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു പരാതി പറഞ്ഞ സ്ത്രീ എത്തിയത്. റിസപ്ഷൻ രജിസ്റ്ററിൽ വിശദാംശങ്ങൾ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത് ദാസ് പറഞ്ഞു.
“നേരത്തെ ഈ സ്ത്രീ ഒരു എസ്‍എച്ച്ഒക്കെതിരെ നൽകിയ പരാതി സ്പെഷ്യൽ ബ്രാഞ്ച അന്വേഷിച്ചതാണ്. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് തള്ളിയിരുന്നു. പിന്നീട് ഈ പരാതിക്കാരിയെ കണ്ടിട്ടില്ല. പൊന്നാനി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരം പരാതി നല്‍കുന്ന സ്ത്രീയാണ് ഇവരെന്നാണ് മനസിലാക്കുന്നത്. ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിത്. ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകും. ഇത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ ഒരു പരാതിയും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിത്,” സുജിത് ദാസ് പറഞ്ഞു.
2022ല്‍ വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാൻ സഹായം തേടി ചെന്നപ്പോൾ, മലപ്പുറം മുൻ എസ്‍.പി സുജിത് ദാസും പൊന്നാനി മുൻ എസ്.എച്ച്.ഒ വിനോദും തന്നെ ബലാത്സംഗം ചെയ്തുവെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി തന്നെ ഉപദ്രവിച്ചുവെന്നുമാണ് വീട്ടമ്മ മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തിയത്.