ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) സുന്ദര്‍ പിച്ചൈ, സേര്‍ച്ച് എഞ്ചിന്‍ ടെക് ഭീമനില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു!.
‘ഏപ്രില്‍ 26, 2004 ഗൂഗിളിലെ എന്റെ ആദ്യ ദിവസമായിരുന്നു. അതിനുശേഷം ഒരുപാട് മാറിയിരിക്കുന്നു – സാങ്കേതികവിദ്യ, ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം… എന്റെ മുടി. എന്താണ് മാറാത്തത് – ഈ അത്ഭുതകരമായ ജോലിയില്‍ നിന്ന് എനിക്ക് ലഭിക്കുന്ന ത്രില്‍ 20 വര്‍ഷമായി, ഞാന്‍ ഇപ്പോഴും ഭാഗ്യവാനാണെന്ന് തോന്നുന്നു,” ചെറുതെങ്കിലും സുന്ദര്‍ പിച്ചൈ ഇന്‍സ്റ്റാഗ്രാമില്‍ ഈ കുറിപ്പ് പങ്കുവെച്ചപ്പോള്‍ മുതല്‍ അഭിനന്ദന പ്രവാഹമായിരുന്നു.
പോസ്റ്റ് അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ 132,400 ലധികം ലൈക്കുകള്‍ നേടി. നിരവധി ഉപയോക്താക്കളാണ് ഗൂഗിള്‍ സിഇഒയുടെ നേട്ടത്തെ അഭിനന്ദിച്ച് എത്തിയത്.
2004ല്‍ ഗൂഗിളില്‍ പ്രൊഡക്റ്റ് മാനേജ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് തലവനായി ചേര്‍ന്ന സുന്ദര്‍ പിച്ചൈ ഇന്ന് ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സിഇഒയാണ്. ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈ ഇന്ത്യയിലെ തമിഴ്നാട്ടിലെ മധുരയില്‍ ഒരു തമിഴ് കുടുംബത്തിലാണ് ജനിച്ചത്. അമ്മ ലക്ഷ്മി ഒരു സ്റ്റെനോഗ്രാഫര്‍ ആയിരുന്നു. പിതാവ് റെഗുനാഥ പിച്ചൈ ബ്രിട്ടീഷ് കമ്പനിയായ ജിഇസി യില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറും. ചെന്നൈയിലെ അശോക് നഗറിലെ ജവഹര്‍ വിദ്യാലയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നായിരുന്നു അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ഖരഗ്പൂരിലെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അദ്ദേഹം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മെറ്റീരിയല്‍ സയന്‍സിലും എഞ്ചിനീയറിംഗിലും എംഎസ് ബിരുദവും പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് എംബിഎയും കരസ്ഥമാക്കി.
2016ലും 2020 ലും ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ ടൈംസിന്റെ വാര്‍ഷിക പട്ടികയില്‍ പിച്ചൈ ഇടംപിടിച്ചു.