ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഇഡി അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള്‍ മുഖ്യമന്ത്രി കസേരയിലേക്കെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഹര്‍ദീപ് സിങ് പുരി. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയെയും സുനിതയെയും ഹര്‍ദീപ് സിങ് പുരി വെള്ളിയാഴ്ച താരതമ്യം ചെയ്തു. ബിഹാറില്‍ റാബ്റി ദേവിയെപ്പോലെ ഈ പദവി വഹിക്കാന്‍ തയ്യാറെടുക്കുകയാണ് നിങ്ങള്‍ പറയുന്ന മാഡം എന്നും ബിഹാറില്‍ റാബ്‌റി ദേവി എത്തിയതുപോലെ തന്റെ ഭര്‍ത്താവിന്റെ പിന്‍ഗാമിയാകാന്‍ സുനിത കെജ്രിവാളും മുന്‍നിരയിലുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു. മാത്രമല്ല, അരവിന്ദ് കെജ്രിവാളിനെ വിടൂ, അയാളുടെ സമയം പരിമിതമാണെന്നും ഹര്‍ദീപ് സിങ് പുരി പരിഹസിച്ചു.
ആംആദ്മി ഏറ്റവും അഴിമതി നിറഞ്ഞ പാര്‍ട്ടിയാണെന്നും അരവിന്ദ് കെജ്രിവാളിന് 9 തവണ സമന്‍സ് അയച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഹര്‍ദീപ് സിങ് പുരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മാത്രമല്ല, കെജ്രിവാളിന്റെ ഭാര്യ മാത്രമാണ് അദ്ദേഹത്തിന് പിന്തുണയുമായി വരുന്നതെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ വരുന്നില്ലെന്നും ബിജെപി നേതാവ് മനോജ് തിവാരിയും ആംആദ്മിപാര്‍ട്ടിയെ പരിഹസിച്ചു.
Sunita Kejriwal is like Rabri Devi says Hardeep Singh Puri