ന്യൂഡല്‍ഹി: മദ്യ നയക്കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പ്രചാരണത്തിനായി ഭാര്യ സുനിത കെജ്രിവാള്‍ ഇറങ്ങുന്നു.
സുനിത കെജ്രിവാളിനൊപ്പം വെള്ളിയാഴ്ച മുതല്‍ റോഡ്ഷോകള്‍ സജീവമാക്കാനാണ് പാര്‍ട്ടി തീരുമാനം. കിഴക്കന്‍ ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് സുനിത കെജ്രിവാള്‍ പ്രചാരണം ആരംഭിക്കാന്‍ സാധ്യതയെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇതാദ്യമായാണ് സുനിത കെജ്രിവാള്‍ ദേശീയ തലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുന്നത്.
എഎപിയുടെ മുന്‍നിര നേതാക്കളായ അരവിന്ദ് കെജ്രിവാളിന്റെയും മനീഷ് സിസോദിയയുടെയും അറസ്റ്റിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ ലോക്സഭാ പ്രചാരണം മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. എന്നാല്‍ സുനിത കെജ്രിവാള്‍ കളത്തിലിറങ്ങുന്നതോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍. 2020-ല്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനിടെ സുനിത കെജ്രിവാള്‍ ന്യൂഡല്‍ഹി നിയോജക മണ്ഡലത്തില്‍ ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ട് അരവിന്ദ് കെജ്രിവാളിനായി വോട്ട് തേടിയിട്ടുണ്ട്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ് എഎപി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കിഴക്കന്‍ ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ന്യൂഡല്‍ഹി മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ഡല്‍ഹി മദ്യനയ കേസില്‍ മാര്‍ച്ച് 21 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് ശേഷം അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. ഇദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് ഏഴ് വരെ നീട്ടിയിട്ടുണ്ട്. അതേസമയം, സുനിത കെജ്രിവാള്‍ വീഡിയോ സന്ദേശങ്ങളിലൂടെയും പത്രസമ്മേളനങ്ങളിലൂടെയും പാര്‍ട്ടി നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും കെജ്രിവാളിന്റെ സന്ദേശം കൈമാറുന്നുണ്ട്.