ന്യൂയോർക്ക്: ഒരാഴ്ചക്കാലത്തേക്ക് ബഹിരാകാശനിലയത്തിലേക്ക് പോയി അവിടെ കുടുങ്ങിയ നാസയുടെ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെയും കൂട്ടരുടെയും ക്രിസ്മസ് ആഘോഷത്തിന്‍റെ വീഡിയോ വൈറൽ. എല്ലാവരെയും ബഹിരാകാശത്തെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ടുള്ള സുനിതയുടെ ആശംസ പങ്കുവച്ചുകൊണ്ട് നാസയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒറ്റ ദിവസത്തിനുള്ളിൽ തന്നെ 2.5 മില്യണിലേറെപ്പേരാണ് നാസ പങ്കുവച്ച ബഹിരാകാശ നിലയത്തിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ വീഡിയോ കണ്ടത്.
പ്രത്യേകം തയ്യാറാക്കിയ പുൽക്കൂടും സാന്തക്ലോസിന്‍റെ തൊപ്പിയുമെല്ലാം അണിഞ്ഞുകൊണ്ടാണ് സുനിതയുടെ സംഘവും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏവരും അതീവ സന്തോഷത്തോടെയാണ് വീഡിയോയിൽ സംസാരിക്കുന്നതും. ക്രിസ്മസ് ആഘോഷത്തിനായി തങ്ങൾ തയ്യാറാണെന്നും എല്ലാവരെയും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് സുനിത പറഞ്ഞത്.
‘ക്രിസ്മസ് ആഘോഷം താൻ ഇഷ്ടപ്പെടുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ്. ക്രിസ്മസ് ആഘോഷത്തിനായുള്ള തയ്യാറെടുപ്പും ഒരുക്കവും, കാത്തിരിപ്പും എല്ലാം ഏറെ ഇഷ്ടമാണ്. എല്ലാവരും ഒത്തുചേരുന്നതും വിഭവങ്ങൾ തയ്യാറാക്കുന്നതും അവധിക്കാലത്തിനായി തയ്യാറെടുക്കുന്നതുമെല്ലാം മനോഹരമാണെന്നും അവർ കൂട്ടിച്ചേർത്തു. ക്രിസ്മസ് സമയം ആസ്വദിക്കാൻ ബഹിരാകാശ നിലയത്തിലേക്ക് ധാരാളം ഭക്ഷണം എത്തിച്ചിട്ടുണ്ടെന്നാണ് മറ്റൊരു ബഹിരാകാശയാത്രികൻ പറഞ്ഞത്.
അതേസമയം ആറുമാസത്തിലേറെയായി ബഹിരാകാശത്ത് കുടുങ്ങിയ സുനിതയേയും വിൽമോറിനെയും മടക്കിയെത്തിക്കാനുള്ള നാസയുടെ പരിശ്രമങ്ങൾ തുടരുകയാണ്. സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും ബുച്ച് വിൽമോറും ആരംഭിച്ചുകഴിഞ്ഞു. 2025 ഫെബ്രുവരിയിൽ മടക്കിയെത്തിക്കാമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സുനിതയുടെയും സംഘത്തിന്‍റെയും മടക്കം മാർച്ചിലായിരിക്കുമെന്നാണ് വ്യക്തമാകുന്നത്. 2024 ജൂണിൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ഒരായ്ച നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി ബഹിരാകാശ നിലയത്തിൽ എത്തിയത്. മുൻപും ബഹിരാകാശ നിലയത്തിൽ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ബഹിരാകാശ നിലയത്തിൽ ദീർഘനാൾ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷാണാർഥം നിലയത്തിൽ എത്തിയ സുനിതയുടെയും വിൽമോറിന്‍റെയും മടക്കം പേടകത്തിലെ സാങ്കേതിക തകരാർ കാരണമാണ് പ്രതിസന്ധിയിലായത്.