ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുണ്ടാ ആശങ്കകൾക്ക് വിരാമം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തന്റെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി സുനിത തന്നെ രംഗത്തെത്തിയതോടെയാണ് ആശങ്കകൾ അകലുന്നത്. താൻ പൂർണ ആരോഗ്യവതിയാണെന്നും ആശങ്ക വേണ്ടെന്നും സുനിത ഏറ്റവും ഒടുവിലായി പുറത്തുവിട്ട വീഡിയോയിലൂടെ വ്യക്തമാക്കി. ‘ഞാൻ ഇവിടെ എത്തുമ്പോൾ എനിക്കുണ്ടായിരുന്ന അതേ ശരീരഭാരമാണ് ഇപ്പോഴുമുള്ളത്’ എന്നും ആശങ്ക വേണ്ടെന്നും സുനിത വിവരിച്ചു.
പേശികളിലും ബോൺ ഡെൻസിറ്റിയിലും മൈക്രോ ഗ്രാവിറ്റിയുടെ പാർശഫലങ്ങളെ ചെറുക്കാൻ ബഹിരാകാശയാത്രികർ പിന്തുടരുന്ന കർശനമായ വ്യായാമ മുറകൾ കാരണമാണ് രൂപത്തിൽ കാര്യമായ മാറ്റമുണ്ടായതെന്നും സുനിത വില്യംസ് പറഞ്ഞു. കഴിഞ്ഞയാഴ്‌ച പുറത്തുവന്ന സുനിതയുടെ ചിത്രം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. കവിളുകള്‍ ഒട്ടി, ഭാരം നന്നേ കുറഞ്ഞതായി തോന്നിക്കുന്ന സുനിതയുടെ ചിത്രത്തിന് പിന്നാലെയാണ് അവരുടെ ആരോഗ്യത്തെക്കുറിച്ച് ഏറെ ആശങ്കകളും ചര്‍ച്ചകളും ഉയർന്നത്.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) ഉള്ളവരെല്ലാം ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഫ്ലൈറ്റ് സർജന്മാർ നിരന്തരം ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതായും നാസയുടെ സ്പേസ് ഓപറേഷൻ ഡയറക്ടറേറ്റ് ജിമി റുസെൽ നേരത്തെ വ്യക്തമാക്കിയിരുന്നു. 2024 ജൂണിലാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും എട്ടുദിവസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയത്. എന്നാൽ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ 2025 ഫെബ്രുവരിയോടെ തിരികെയെത്തിക്കും. സ്‌പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ‘ഫ്രീഡ’മാണ് ഇവരെ തിരികെ എത്തിക്കുക.