ന്യൂയോർക്ക്: ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിതാ വില്യംസിന്‍റെയും സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറിന്‍റെയും മടക്കയാത്ര വൈകും. ഇരുവരും ഭൂമിയിലെത്താൻ 2025 ഫെബ്രുവരിവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന ഇരുവരും ഇലോണ്‍ മസ്കിന്‍റെ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലാകും മടങ്ങിയെത്തുക.
തകരാറിലായ ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകം യാത്രക്കാരില്ലാതെ തിരിച്ചെത്തിക്കാൻ തീരുമാനമായിട്ടുണ്ട്. സ്റ്റാർലൈനറിന് എന്താണ് സംഭവിച്ചതെന്ന് വിശദമായി പഠിക്കും. ഇക്കാര്യം ബോയിംഗ് സി ഇ ഒയുമായി സംസാരിച്ചെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു.
ബോയിങ് സ്റ്റാർലൈനർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോൾ പേടകത്തിൽനിന്ന് ഹീലിയം വാതകച്ചോർച്ചയുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നത് ദൗത്യം ദുഷ്കരമാക്കിയിരുന്നു. നേരത്തെ പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് സ്റ്റാർലൈനർ ബഹിരാകാശത്തേക്കു തിരിച്ചത്. നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായുള്ളതാണ് സ്റ്റാർലൈനർ വിക്ഷേപണം. സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് സ്റ്റാർലൈനറിലെ മടക്കം ഒഴിവാക്കുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു.