വാഷിംഗ്ടൺ: ബോയിങ്ങിൻ്റെ സ്റ്റാർലൈനറിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും 2025 ഫെബ്രുവരിയിൽ സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗണിൽ തിരികെയെത്താൻ കഴിയുമെന്ന് നാസ ബുധനാഴ്ച അറിയിച്ചു. 10 ദിവസത്തെ ദൗത്യത്തിനായി ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തിലെത്തിയതാണ് ഇരുവരും. ഇരുവരുടേയും ദൗത്യത്തിന്റെ കാലാവധി നീട്ടാനും നാസ തീരുമാനിച്ചിട്ടുണ്ട്.
എട്ട് ദിവസത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്താനാണ് സുനിത വില്യംസും വിൽമോറും ലക്ഷ്യമിട്ടത്. എന്നാൽ, പേടകത്തിന്റെ തകരാർ കണക്കുകൂട്ടലുകൾ തെറ്റിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂണിലാണ് സുനിതയും വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയത്. തുടർന്ന് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിലെ തകരാർ മൂലം ഇരുവരുടേയും മടക്കയാത്ര അനിശ്ചിതാവസ്ഥയിലായി. ഇപ്പോഴും സ്റ്റാർലൈനറിലെ യാത്ര സുരക്ഷിതമല്ലെന്നാണ് നാസയുടെ വിലയിരുത്തൽ. ഹീലിയം ചോർച്ചയാണ് പേടകം നേരിടുന്ന പ്രധാന പ്രശ്നം.