വാഷിംഗ്‌ടൺ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ സുനിതാ വില്യംസ് ചീരകൃഷി ചെയ്യുന്നതായി റിപ്പോർട്ട്. ബഹിരാകാശ നിലയത്തിൽ ലെറ്റ്യൂസ് അഥവാ ഉലുവച്ചീര കൃഷി ചെയ്യുകയാണ് സുനിതയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭക്ഷണത്തിനായല്ല വളർത്തുന്നത്. ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയിൽ വെള്ളത്തിന്റെ അളവ് സസ്യങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഭാവിയിലെ ബഹിരാകാശ പദ്ധതികൾക്കും ഭൂമിയിലെ കാർഷിക മേഖലയ്‌ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഗവേഷണമാണ് നടക്കുന്നത്. ഇതിന്റെ ഫലമനുസരിച്ച് പുതിയ കൃഷിരീതികൾ ഭൂമിയിലും നടപ്പിലാക്കാനാകുമെന്നും കരുതുന്നു. ഈർപ്പത്തിന്റെ അളവ് എങ്ങനെ സസ്യങ്ങളുടെ വളർച്ചയെ സ്വാധീനിക്കുന്നു, അവയിലെ പോഷകങ്ങളുടെ അളവിൽ എത്രത്തോളം മാറ്റമുണ്ടാകുന്നു തുടങ്ങിയ കാര്യങ്ങൾക്കാണ് പരീക്ഷണം. ബഹിരാകാശത്ത് സുസ്ഥിര കൃഷി എങ്ങനെ സാദ്ധ്യമാക്കാമെന്നും അതിന്റെ വെല്ലുവിളി എന്തൊക്കെ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പരീക്ഷണത്തിലൂടെ ലഭ്യമായേക്കും.
അതുപോലെ ഭൂമിയിൽ ജലലഭ്യത കുറവുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യാനുള്ള അവസരമൊരുക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ സുനിത വില്യംസിനൊപ്പം ബുച്ച് വിൽമർ എന്ന ബരിഹാകാശ യാത്രികനും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലാണ്. ഇരുവരും ഫെബ്രുവരിയിൽ മടങ്ങിയേക്കും.
Sunita Williams Farming in space