സുനിത വില്യംസ് സുരക്ഷിതയായി തിരിച്ചെത്തും; ഉത്കണ്ഠ വേണ്ടെന്ന് സ്റ്റീവ് സ്മിത്ത്

കൊച്ചി: ബഹിരാകാശ പേടകത്തിലെ തകരാറുകൾമൂലം ഒരുമാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്)തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് സുരക്ഷിതയായി തിരിച്ചെത്തുമെന്ന് ‘നാസ’ മുന്‍ ബഹിരാകാശ സഞ്ചാരിയും സാങ്കേതിക വിദഗ്ധനുമായ സ്റ്റീവ് ലീ സ്മിത്ത്. യഥാർഥത്തിൽ ഭൂമിയിലെക്കാൾ ഒരു ആസ്ട്രനോട്ടിന് ബഹിരാകാശത്ത് കഴിയുന്നതാണ് ഇഷ്ടമെന്നതിനാൽ സുനിത വില്യംസും ഈ വൈകൽ ആസ്വദിക്കുന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മാസത്തോളമായി ബോയിംഗ് സ്റ്റാർലൈനറിൻ്റെ പ്രശ്‌നത്തെ തുടർന്ന് സുനിത ബഹിരാകാശ നിലയത്തിലാണ് ഉള്ളത്. ഭൂമിയിൽ തിരിച്ചെത്തിയ ശേഷം, ടെക്‌സാസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്‌പേസ് സെൻ്ററിൽ ഇന്ത്യൻ ബഹിരാകാശയാത്രികരുടെ പരിശീലനത്തിനായികാത്തിരിക്കുകയാണെന്ന് കഴിഞ്ഞദിവസം ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ അഭിസംബോധന ചെയ്ത സുനിത പറഞ്ഞിരുന്നു.

ബോയിംഗ് സ്റ്റാർലൈനറിലെ സാങ്കേതിക തകരാറുകൾ കാരണം, 10 ദിവസം നീണ്ടുനിൽക്കേണ്ടിയിരുന്ന യാത്ര ഒരു മാസത്തിലേറെയായി തുടരുകയാണ്. സുനിത വില്യംസും കൂടെയുണ്ടായിരുന്ന ബുച്ച് വിൽമോറും നിലവിൽ ബഹിരാകാശ നിലയത്തിലാണ്.

ബഹിരാകാശ പേടകമായ സ്റ്റാർലൈനറിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നതിനെക്കുറിച്ച് നാസ ആലോചിക്കുന്നതായി കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് സൂചന നൽകിയിരുന്നു. പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിസന്ധികൾ പരിഹരിച്ച് യാത്രികരെ തിരികെ കൊണ്ടുവരാൻ ബോയിങ്ങിന്റെ സ്റ്റാർലൈനർ പര്യാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide