ന്യൂയോര്‍ക്ക്: ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തിയ സഞ്ചാരി സുനിതാ വില്യംസും സഹ യാത്രികന്‍ ബുച്ച് വില്‍മോറിന്റെയും മടങ്ങി വരവില്‍ പ്രതിസന്ധി തുടരുകയാണ്. ഇരുവരുടേയും മടങ്ങി വരവ് സംബന്ധിച്ച് പലപ്പോഴായി നാസ പ്രതീക്ഷകള്‍ പങ്കുവെച്ചെങ്കിലും ഈ മാസം അവസാനത്തോടെ മാത്രമേ പരിഹാരം കാണാനാകൂ എന്നാണ് നാസ ഇപ്പോള്‍ നല്‍കുന്ന വിവരം.
മാത്രമല്ല, സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ പ്രതിസന്ധികളുണ്ടായേക്കാം എന്ന് സുനിത വില്യംസിനും ബുച്ച് വില്‍മോറിനും അറിയമായിരുന്നുവെന്ന് നാസ ചീഫ് ആസ്‌ട്രോനോട്ട് വെളിപ്പെടുത്തി. നിലവില്‍ ഇരുവരും സുരക്ഷിതരാണെന്നും ബഹിരാകാശ നിലയത്തില്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ സ്റ്റാര്‍ ലൈനര്‍ തന്നെ യാത്രക്കാരെ തിരിച്ചു കൊണ്ടുവരാന്‍ ഉപയോഗിക്കും എന്നും നാസ വ്യക്തമാക്കി. ഇരുവരുടേയും മടങ്ങി വരവിന് സ്പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് കഴിഞ്ഞ വാര്‍ത്താ സമ്മേളനത്തില്‍ നാസ അറിയിച്ചിരുന്നു. ഈ മാസം അവസാനത്തോടെ മാത്രമേ മടങ്ങിവരവ് സംബന്ധിച്ച് പരിഹാരം കാണാനാകൂ എന്ന് വ്യക്തമാക്കിയ നാസ, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവസാന തീയതി നിശ്ചയിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടി.
ഒരാഴ്ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. ആ ദൗത്യമാണ് രണ്ടുമാസം പിന്നിടുമ്പോഴും പ്രതിസന്ധിയില്‍ കുടുങ്ങിയിരിക്കുന്നത്.