13 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബറും വീണ്ടും വിവാഹിതരായി. മക്കളായ നിഷയും നോഹയും അഷറും ആഘോഷങ്ങള്‍ക്ക് ഇരുവര്‍ക്കുമൊപ്പം ചേര്‍ന്നു. ദമ്പതികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമായ മാലിദ്വീപില്‍ ഒക്ടോബര്‍ 31നാണ് ചടങ്ങുകള്‍ നടന്നത്. മാലിദ്വീപില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രം സണ്ണിതന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
വളരെ നാളായി ഇരുവരുടെയും മനസ്സില്‍ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നുവെന്നും മക്കള്‍ക്ക് ചടങ്ങിന്റെ പ്രധാന്യം മനസ്സിലാക്കാനുള്ള പ്രായമാകുന്നതുവരെ കാത്തിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
‘ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നില്‍വെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങള്‍ അഞ്ച് പേര്‍ മാത്രം. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സ്‌നേഹവും സമയവും. എന്നും നിങ്ങള്‍ എന്റെ ജീവിതത്തിലെ പ്രണയമായി നിലനില്‍ക്കും’, സണ്ണി വിയോണ്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗണ്‍ ധരിച്ചാണ് സണ്ണി ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹ മോതിരം നല്‍കി ഡാനിയല്‍ സണ്ണിയ്ക്ക് സര്‍പ്രൈസ് ഒരുക്കിയിരുന്നു. സണ്ണി 2011 ലാണ് മ്യൂസിഷനായ ഡാനിയല്‍ വെബറിനെ വിവാഹം ചെയ്യുന്നത്. 2017 ല്‍ ഇരുവരും ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. ഒരു അനാഥാലയത്തില്‍ സണ്ണി ലിയോണ്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കിയത്. 2018ല്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബര്‍, നോഹാ സിങ് വെബര്‍ എന്നീ ഇരട്ടക്കുഞ്ഞുങ്ങളും പിറന്നു.