ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി. വീട് പൊളിച്ച് ശിക്ഷ നടപ്പാക്കാനാകില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഭരണകൂടത്തിന് ജഡ്ജിയാകാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റമാരോപിച്ച് ഒരാളുടെ സ്വത്ത് നശിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം. നിയമം കൈയ്യിലെടുത്താല്‍ സര്‍ക്കാരും കുറ്റക്കാരാകും. പാര്‍പ്പിടം മൗലികാവകാശമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വിവിധ സംസ്ഥാനങ്ങളില്‍ ശിക്ഷാ നടപടിയെന്ന രീതിയില്‍ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ക്കുന്ന ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സര്‍ക്കാരിനും ബന്ധപ്പെട്ട അതോറിറ്റിക്കും ജുഡീഷ്യറിക്ക് പകരമാകാനാവില്ലെന്നും നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിനു മുമ്പ് ആരെയും കുറ്റക്കാരനായി കാണുന്നത് അനുവദിക്കാനാകില്ലെന്നും ജഡ്ജിമാരായ ബി.ആര്‍.ഗവായി, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.