സഹാറ ഗ്രൂപ്പിനോട് 2 കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. പണം അടച്ചവര്‍ക്ക് ഫ്‌ളാറ്റ് നല്‍കാത്ത തര്‍ക്കവുമായി ബന്ധപ്പെട്ട് ഉത്തരവ് പാലിക്കാത്തതിന് പിഴയായാണ് ഇത്രയും തുക അടയ്ക്കാന്‍ കോടതി നിര്‍ദേശം എത്തിയത്.
സഹാറ ഗ്രൂപ്പിന്റെ കീഴിലുള്ള പത്ത് കമ്പനികള്‍ 10 ലക്ഷം രൂപ വീതവും ആ കമ്പനികളിലെ 20 ഡയറക്ടര്‍മാര്‍ 5 ലക്ഷം രൂപ വീതവുമാണ് തുക അടയ്‌ക്കേണ്ടതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മാരക നാശനഷ്ടങ്ങള്‍ ഉണ്ടായ വയനാടിന്റെ പുനരുദ്ധാരണത്തിന് തുക ചിലവഴിക്കാമെന്നുമാണ് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടത്.
2023 ഒക്ടോബറില്‍ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പണമടച്ചവര്‍ക്ക് ഫ്‌ലാറ്റുകള്‍ നല്‍കാന്‍ കമ്പനികളോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ആറ് അവസരങ്ങള്‍ ഉണ്ടായിട്ടും കമ്പനികള്‍ ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ രണ്ട് കോടി രൂപ ചിലവ് ചുമത്തുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ ദവെ, അഭിഭാഷകരായ സിമ്രന്‍ജീത് സിംഗ്, ഗൗതം താലൂക്ദാര്‍, നേഹ ഗുപ്ത, കരണ്‍ ജെയിന്‍, ഋഷഭ് പന്ത്, യജത് ഗുലിയ എന്നിവര്‍ സഹാറയ്ക്ക് വേണ്ടി ഹാജരായി.
അഭിഭാഷകരായ സിദ്ധാര്‍ത്ഥ് ബത്ര, അര്‍ച്ചന യാദവ്, ചിന്മയ് ദുബെ, ശിവാനി ചൗള, റിഥം കത്യാല്‍, പ്രത്യുഷ് അറോറ എന്നിവരാണ് ഫ്‌ളാറ്റ് വാങ്ങുന്നവര്‍ക്ക് വേണ്ടി ഹാജരായത്.