വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കരുത് : ഇവിഎം കേടുവരുത്തിയ ആന്ധ്ര എംഎല്‍എയെ വിലക്കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ജൂണ്‍ നാലിന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ആന്ധ്ര എംഎല്‍എയെ സുപ്രീം കോടതി വിലക്കി. മെയ് 13 ന് പോളിംഗ് സ്റ്റേഷനില്‍ ഇവിഎം കേടുവരുത്തിയ സംഭവത്തില്‍ കുറ്റാരോപിതനായ ആന്ധ്രപ്രദേശിലെ മച്ചേര്‍ള എംഎല്‍എ പിന്നെല്ലി രാമകൃഷ്ണ റെഡ്ഡിയെയാണ് കോടതി വിലക്കിയത്.

രാമകൃഷ്ണ റെഡ്ഡിയില്‍ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ടിഡിപി പോളിങ് ഏജന്റായ നമ്പുരി ശേഷഗിരി റാവു നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി.

പല്‍നാട് ജില്ലയിലെ മച്ചര്‍ള നിയോജക മണ്ഡലത്തിലെ ഒരു പോളിംഗ് കേന്ദ്രത്തില്‍ വൈഎസ്ആര്‍സിപി എംഎല്‍എ ഇവിഎം കേടുവരുത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. വീഡിയോ കണ്ട സുപ്രീം കോടതി റെഡ്ഡിക്ക് നല്‍കിയ താല്‍ക്കാലിക സംരക്ഷണത്തെ വിമര്‍ശിച്ചു. ഇത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

റെഡ്ഡിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു, തീരുമാനം വളരെ തെറ്റാണെന്നും വിമര്‍ശിച്ചു. കേസില്‍ റെഡ്ഡിക്ക് ഇടക്കാല ഇളവ് അനുവദിച്ച ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

More Stories from this section

family-dental
witywide