![](https://www.nrireporter.com/wp-content/uploads/2023/08/dy-chandrachud.jpg)
ന്യൂഡൽഹി: അയോധ്യ കേസിലെ വിധി ആര് എഴുതി എന്നത് വിധിന്യായത്തിൽ സൂചിപ്പിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം ജഡ്ജിമാർ ഏകകണ്ഠമായി എടുത്തതാണെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ചരിത്രവും വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളും മനസ്സിലാക്കിയാണ് ഒരേ സ്വരത്തില്‍ വിധി പറഞ്ഞത്. ഭൂമിതര്‍ക്കക്കേസിലെ വിധി എഴുതിയ ജഡ്ജി ആരാണെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമാണ്. അയോധ്യ കേസില്‍ വിധി പറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ഡി.വൈ ചന്ദ്രചൂഡ്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി പുറപ്പെടുവിച്ചത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിർമിക്കണമെന്നായിരുന്നു വിധി.
സുന്നി വഖഫ് ബോര്‍ഡിന് നഗരത്തില്‍തന്നെ സുപ്രധാനമായ സ്ഥലത്ത് പള്ളി നിർമിക്കാൻ അഞ്ചേക്കര്‍ അനുവദിക്കാനും ബെഞ്ച് ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസിനും ഡി.വൈ.ചന്ദ്രചൂഡിനും പുറമേ ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരും ബെഞ്ചില്‍ അംഗങ്ങളായിരുന്നു.
2019 നവംബര്‍ ഒമ്പതിനായിരുന്നു അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധിപറഞ്ഞത്. വിധിന്യായത്തില്‍ അഞ്ചു ജഡ്ജിമാരുടെയും പേരുണ്ടെങ്കിലും അത് എഴുതിയതാര് എന്നു വ്യക്തമാക്കിയിരുന്നില്ല. സാധാരണഗതിയില്‍ പ്രധാനവിധിയോടു വിയോജിച്ചും അനുകൂലിച്ചുമാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍ പ്രത്യേക വിധിയെഴുതുന്നതെങ്കില്‍ അയോധ്യ കേസില്‍ അതും തിരുത്തപ്പെട്ടു.
ജമ്മുകശ്മീരിൻ്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ശരിവച്ചു കൊണ്ടുള്ള വിധിയിലെ വിമർശനം കാര്യമാക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പറയാനുള്ളത് വിധിയിലുണ്ടെന്നും ഇക്കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശത്തെ മാനിക്കുന്നു എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്ന കാര്യത്തിൽ തൻ്റേത് ന്യൂനപക്ഷ വിധിയായതിൽ നിരാശയില്ലെന്നും ഇത്തരം വിഷയങ്ങൾ വ്യക്തിപരമായി എടുക്കാറില്ലെന്നും ചന്ദ്രചൂഡ് വിശദീകരിച്ചു.