പതഞ്ജലിയെ പഞ്ഞിക്കിട്ട് സുപ്രീം കോടതി; മാപ്പ് സ്വീകരിക്കില്ലെന്നും നിങ്ങള്‍ അത്ര നിഷ്‌കളങ്കനല്ലെന്നും രാംദേവിന് വിമര്‍ശനം

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട് നിരുപാധികം മാപ്പ് പറഞ്ഞ ബാബാ രാം ദേവിനു സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം വീണ്ടും. കോടതിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്തവിധം നിങ്ങള്‍ നിഷ്‌കളങ്കനല്ലെന്നാണ് രാം ദേവിനെ കോടതി വിമര്‍ശിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും കൊവിഡ് ചികിത്സ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട് പതഞ്ജലി ആയുര്‍വേദിനെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം എത്തിയത്.

രാജ്യത്ത് യോഗയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ടെങ്കിലും, പതഞ്ജലി ആയുര്‍വേദിന്റെ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളും കൊവിഡ് ഭേദമാക്കുമെന്ന അവകാശ വാദങ്ങളുമായി ബന്ധപ്പെട്ട കേസില്‍ മാപ്പ് സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് യോഗാ ഗുരു രാംദേവിനോട് സുപ്രീം കോടതി ഇന്ന് പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന വാദത്തിനിടെയും പതഞ്ജലി സ്ഥാപകരെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കേസ് പരിഗണിക്കുന്ന വേളയില്‍ യോഗാ ഗുരു രാംദേവും സഹായി ബാലകൃഷ്ണയും ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായിരുന്നു. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഇരുവരും അറിയിച്ചു. സുപ്രീം കോടതിയുടെ അന്തസ്സ് താഴ്ത്തുക എന്നത് തന്റെ ലക്ഷ്യമല്ലെന്നും രാംദേവ് പറഞ്ഞു. കോടതി അവരുടെ മനോഭാവം ചൂണ്ടിക്കാണിക്കുകയും ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ ഊന്നിപ്പറയാന്‍ മറ്റ് വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ മോശമാക്കിയത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്യുകയും ചെയ്തു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു.

നിയമത്തിനുള്ളില്‍നിന്ന് കൊണ്ട് മാത്രമേ അലോപ്പതി ഉള്‍പ്പടെ മറ്റ് ചിത്സരീതികളെ വിമര്‍ശിക്കാവൂ എന്ന് ഇരുവരോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ഏതെങ്കിലും ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ ലക്ഷ്യം വച്ചെല്ല കോടതി അലക്ഷ്യ നടപടിയെന്നും, എല്ലാവരും നിയമം അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് നടപടിയെന്നും കോടതി വ്യക്തമാക്കി.

ഭാവിയില്‍ കരുതലോടെയിരിക്കുമെന്ന് രാംദേവ് മറുപടി നല്‍കി. മുന്‍കാല സംഭവവികാസങ്ങളുടെയെല്ലാം വെളിച്ചത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്ന് പറഞ്ഞ കോടതി ‘നിങ്ങളോട് ക്ഷമിക്കണമോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി. മാത്രമല്ല, നിങ്ങള്‍ മൂന്ന് തവണ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. നേരത്തെയുള്ള ഉത്തരവുകള്‍ ഞങ്ങളുടെ പരിഗണനയിലാണ്. കോടതിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്തവിധം നിങ്ങള്‍ അത്ര നിഷ്‌കളങ്കനല്ലെന്നും വിമര്‍ശിച്ചു. അടുത്ത വാദം ഏപ്രില്‍ 23-ന് നടക്കും. രാംദേവിനോടും ബാലകൃഷ്ണയോടും വീണ്ടും കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide