ഇലക്ടറൽ ബോണ്ട്: എല്ലാ രേഖകളും പുറത്തുവിടണമെന്ന് സുപ്രീം കോടതി എസ്ബിഐയോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് കേസിൽ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി എസ്ബിഐക്ക് നോട്ടിസ് അയച്ചു.. ഇലക്ടറല്‍ ബോണ്ട് നമ്പർ എസ്ബിഐ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്ന് കോടതി ചോദിച്ചു. എന്തുകൊണ്ട് മുഴുവൻ വിവരവും വെളിപ്പെടുത്തിയില്ല എന്ന് തിങ്കളാഴ്ചക്കകം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സീല്‍ഡ് കവറില്‍ നല്‍കിയ രേഖകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ സമീപിച്ചപ്പോഴാണ് കോടതി ഈ വിഷയം ആരാഞ്ഞത്.

ഇലക്ടറൽ ബോണ്ട് നമ്പറുകൾ പ്രസിദ്ധീകരിച്ചെങ്കിലേ ബോണ്ട് വാങ്ങിയ ആൾ ഏതു രാഷ്ട്രീയ പാർട്ടിക്കാണ് പണം നൽകിയതെന്നു വ്യക്തമാകൂ. ബാങ്കിന്റെ അഭിഭാഷകൻ എവിടെയെന്നും കോടതി ചോദിച്ചു. കേസിൽ ബാങ്ക് കക്ഷി അല്ലെന്നാണ് സോളിസിറ്റർ ജനറൽ മറുപടി നൽകിയത്.

ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമർപ്പിച്ച ഹർജി പരിഗണിച്ചത്.

രേഖകളുടെ രഹസ്യാത്മക നിലനിർത്തുന്നതിനായി കോപ്പികളൊന്നും കൈവശം വെച്ചിട്ടില്ലെന്ന് കമ്മിഷന്‍ കോടതിയെ അറിയിച്ചു. കമ്മിഷന്‍ സമർപ്പിച്ച രേഖകള്‍ സ്കാന്‍ ചെയ്ത് നാളെ വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ ഡിജിറ്റലൈസ് ചെയ്യണമെന്ന് റജിസ്ട്രാർക്ക് കോടതി നിർദേശം നല്‍കി. ഇതിന് ശേഷം യഥാർത്ഥ രേഖകള്‍ കമ്മിഷന് കൈമാറണമെന്നും കോടതി പറഞ്ഞു.

മാര്‍ച്ച് 12നാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈമാറിയത്. 12 ന് ബാങ്ക് പ്രവൃത്തി സമയം അവസാനിക്കും മുമ്പ് വിവരങ്ങള്‍ കൈമാറണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് വൈകിട്ട് അഞ്ചരയോടെയാണ് കമ്മീഷന് എസ്ബിഐ വിവരങ്ങള്‍ നല്‍കിയത്. വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സമയം വേണമെന്ന് ആവശ്യപ്പെട്ട എസ്ബിഐയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം 15-ന് വിവരങ്ങള്‍ കൈമാറണമെന്ന് തങ്ങള്‍ ഉത്തരവിട്ടശേഷം 26 ദിവസം ബാങ്ക് എന്തു നടപടി സ്വീകരിച്ചുവെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.

ഇന്നലെ വൈകിട്ടാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തിയത്. മാര്‍ച്ച് 15-നകം വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി നല്‍കിയ നിര്‍ദേശം.

Supreme Court Criticizes SBI for not Submitting Electoral Bond Numbers

More Stories from this section

family-dental
witywide