ഡല്‍ഹി: വിവാദമായ മദ്യനയ അഴിമതി കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ തുടരും. ഇടക്കാല ജാമ്യം തേടി കെജ്രിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇടക്കാല ജാമ്യം വേണമെന്ന കെജ്രിവാളിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. അറസ്റ്റിനെ ചോദ്യം ചെയ്ത് ജാമ്യാപേക്ഷ നൽകിയ ഹർജിയിൽ കോടതി സിബിഐക്ക് നോട്ടീസ് അയച്ചു. ‘ഇപ്പോൾ ഇടക്കാല ജാമ്യമില്ല’ എന്ന് വ്യക്തമാക്കിയ കോടതി ഓഗസ്റ്റ് 23 ന് വാദം കേൾക്കാൻ തീരുമാനിച്ചു. ശേഷമാണ് അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി സിബിഐക്ക് നോട്ടീസയച്ചത്.
കേസിൽ സിബിഐ പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദ്ദേശം. സിബിഐയുടെ മറുപടി കൂടി ലഭിച്ച ശേഷം കേസില്‍ തുടർന്നുള്ള വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതിവ്യക്തമാക്കി.
നേരത്തെ രണ്ട് ഹര്‍ജികളും ഡൽഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അരവിന്ദ് കെജ്‌രിവാൾ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയിട്ടുണ്ട്. എന്നാല്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം നേടിയാലേ കെജ്‌രിവാളിന് ജയില്‍ മോചിതനാകാനാകൂ.