ഡല്‍ഹി: ബലാത്സംഗ കേസില്‍ ഒളിവിൽ കഴിയുന്ന നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. പരാതി നല്‍കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി. വിശദമായ വാദം കേൾക്കുന്നതുവരെ ഇടക്കാല സംരക്ഷണം നൽകണമെന്ന വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. സിദ്ദിഖിന്റെ മുൻകൂർ ജാമ്യ ഹർജി രണ്ടാഴ്ച്ചക്ക് ശേഷം പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
സംഭവം നടന്നതായി പറയുന്നത് എട്ടു വര്‍ഷം മുന്‍പാണെന്ന് സിദ്ദിഖിനായി ഹാജരായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. പരാതി നല്‍കാന്‍ താമസം വന്നത് എന്തുകൊണ്ടാണ് ഈ ഘട്ടത്തില്‍ കോടതി ആരാഞ്ഞു. മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ആണ്, പരാതി ഉന്നയിച്ച നടിക്കു വേണ്ടി ഹാജരായത്.
മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. സിദ്ദിഖ് സിനിമാ രംഗത്തെ പ്രമുഖന്‍ ആണെന്നും താരങ്ങളുടെ സംഘടനയില്‍ നേതൃസ്ഥാനത്തുള്ളയാളാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.