​ഗവർണർമാർ ഉത്തരവാദിത്തം നിർവഹിച്ചാൽ കോടതികളിലെത്തുന്ന ഹർജികൾ കുറയുമെന്ന് സുപ്രീം കോടതി ജഡ്ജി

ന്യൂഡല്‍ഹി: ​ഗവർണർമാർക്കെതിരെ സുപ്രീം കോടതി ജഡ്ജി രം​ഗത്ത്. നിയമസഭ പാസ്സാക്കിയ ബില്ലുകളിന്മേൽ ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കണമെന്ന് സുപ്രീംകോടതി ജഡ്ജി ബി.വി നാഗരത്ന പറഞ്ഞു. ഹൈദരാബാദിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച കോടതിയും ഭരണഘടനയും എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബി.വി നാഗരത്ന.

ഗവര്‍ണര്‍ പദവി ഗൗരവമുള്ള ഭരണഘടനാ പദവിയാണ്. അതുകൊണ്ടുതന്നെ ഗവര്‍ണര്‍മാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചാല്‍ കോടതികളിൽ എത്തുന്ന ഹര്‍ജികളുടെ എണ്ണം കുറയുമെന്നും നാ​ഗരത്ന പറഞ്ഞു. ഒന്നാം മോദി സർക്കാറിന്റെ നോട്ട് നിരോധനത്തെയും ജസ്റ്റിസ് വിമർശിച്ചു. കള്ളപ്പണം നിയമപരമായ പണമാക്കാനുള്ള നല്ല മാര്‍ഗമായിരുന്നു നോട്ട് അസാധുവാക്കൽ. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിച്ചല്ല നോട്ട് അസാധുവാക്കിയത്.

അന്നത്തെ ധനകാര്യമന്ത്രിക്ക് പോലും അറിവുണ്ടായിരുന്നില്ലെന്ന് ചില ആള്‍ക്കാര്‍ പറയുന്നതായും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. അസാധുവാക്കിയതില്‍ 98 ശതമാനം പണവും റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തി. നോട്ട് അസാധുവാക്കല്‍ തീരുമാനം ഒരു ദിവസം വൈകിട്ട് പ്രഖ്യാപിക്കുകയും തൊട്ടടുത്ത ദിവസം മുതല്‍ അത് നടപ്പാക്കുകയുമാണ് ചെയ്തതെന്നും അവർ പറഞ്ഞു.

Supreme court Judge nagaratna criticized governors