ന്യൂഡല്‍ഹി: അതിശക്തമായ വിമര്‍ശനമാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരെ സുപ്രീംകോടതി നടത്തിയത്. സുപ്രീംകോടതിയെ ധിക്കരിക്കുകയാണോ ഗവര്‍ണര്‍. ആരുടെ ഉപദേശമാണ് ഗവര്‍ണര്‍ കേള്‍ക്കുന്നതെന്ന് അറിയില്ല. എന്നാല്‍ ഗവര്‍ണറുടെ ഉപദേശകരുടെ ഭാഗത്തല്ല സുപ്രീംകോടതിയെന്നും ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാതെ ഗവര്‍ണര്‍ എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വെ.ചന്ദ്രചൂഡ് ചോദിച്ചു.
തമിഴ്നാട് മന്ത്രിസഭയില്‍ കെ. പൊന്‍മുടിയെ വീണ്ടും ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതാണ് സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിന് കാരണം. സ്വത്തുകേസില്‍ മന്ത്രിയായിരുന്ന പൊന്‍മുടിയുടെ എംഎല്‍എ സ്ഥാനം മദ്രാസ് ഹൈക്കോടതി അസാധുവാക്കിയിരുന്നു. ആ ഉത്തരവ് പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തു. എംഎല്‍എ സ്ഥാനം അസാധുവാക്കിയതിനെ തുടര്‍ന്ന് രാജിവെച്ച പൊന്‍മുടിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചില്ല. പൊന്‍മുടിയെ പൂര്‍ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല എന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിന് ഗവര്‍ണര്‍ നല്‍കിയ മറുപടി. ഇതാണ് സുപ്രീംകോടതിയെ പ്രകോപിപ്പിച്ചത്.
ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവന്‍ എന്നത് ജനാധിപത്യത്തിലെ ഒരു ആലങ്കാരിക പദവി മാത്രമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ദിവസത്തിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനം എടുക്കണം. അതല്ലെങ്കില്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാന്‍ കോടതി നേരിട്ട് വേണ്ടത് ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് മുന്നറിയിപ്പ് നല്‍കി.
Supreme court of India slams Tamil Nadu governor