ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹർജി ഫയലിൽ സ്വീകരിക്കാൻ പോലും കോടതി തയാറായില്ല.
ജസ്റ്റിസുമാരായ വിക്രം നാഥും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ച് വിഷയം പരിഗണിക്കാൻ വിമുഖത പ്രകടിപ്പിച്ചതിനെ തുടർന്ന് ഹർജിക്കാരൻ ഹർജി പിൻവലിച്ചു. ഹർജിക്കാരൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാതെ നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് നാഥ് ചൂണ്ടിക്കാട്ടി.
വിദ്വേഷ പ്രസംഗങ്ങൾ ആരോപിച്ച് പ്രധാനമന്ത്രി മോദിക്കും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനും എതിരെ നടപടിയെടുക്കാൻ ഇസിഐയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയും കോടതി തള്ളിയിട്ടുണ്ട്.
2024 ഏപ്രിൽ 21 ന് രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയും വിവിധ വിഭാഗങ്ങൾക്കടിയിൽ ശത്രുത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ഫാത്തിമ എന്നയാളാണ് തിരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ഹർജി സമർപ്പിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയുടെ ഗുരുതരമായ ലംഘനമാണിതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Supreme Court rejects petition to ban Modi From Elections