‘വാട്സാപ്പ് നിരോധിക്കണം’, സുപ്രീം കോടതിയിൽ മലയാളി നൽകിയ ഹർജി തള്ളി

ഡൽഹി: വാട്സാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. രാജ്യത്തെ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിൽ വാട്‌സ്ആപ്പ് പരാജയപ്പെട്ടതിനാൽ അതിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിക്കുന്ന വാട്‌സാപ്പിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കെ.ജി. ഓമനക്കുട്ടൻ എന്നയാളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ കേരള ഹൈക്കോടതിയെയും ഇദ്ദേഹം സമീപിച്ചിരുന്നു. 2021ൽ ഈ ഹർജി തള്ളപ്പെട്ടതിനെ തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

വാട്‌സാപ്പിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം സന്ദേശങ്ങളുടെ ഉത്ഭവം കണ്ടെത്തുന്നതിൽ നിന്ന് തടയുന്നതിനാൽ 2021ലെ ഐ.ടി നിയമങ്ങൾക്ക് യോജിച്ചതല്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ വാട്‌സാപ്പ് അവകാശപ്പെട്ടതായി ഹർജിക്കാരൻ വാദിച്ചു. സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ കഴിയാത്തതിനാൽ കോടതി സമൻസുകളും നിയമ നോട്ടീസുകളും നൽകുന്നതിന് വാട്‌സാപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് അപകടകരമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വാദം കേട്ട സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു.

More Stories from this section

family-dental
witywide